v
അസംഘടിത മേഖലയിൽ തൊഴിലില്ല: കൊവിഡ് നട്ടെല്ല് തകർത്തു

 ദുരിതവഴിയിൽ കുടുംബങ്ങൾ

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് അസംഘടിത മേഖലയിലെ എണ്ണമറ്റ തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വസ്ത്രശാലകൾ, സ്വർണക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾ മുതൽ വീട്ടുജോലി ചെയ്യുന്നവർ വരെ അടങ്ങുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ജില്ലയിലുണ്ട്.

ഇവരുടെയെല്ലാം തൊഴിലും വരുമാനവും നിലച്ചു. ചായക്കടകളിൽ 400 രൂപ ദിവസക്കൂലിക്ക് ചായ ഒഴിക്കാനും പാത്രം കഴുകാനും നിൽക്കുന്നവർ മുതൽ വലിയ വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളോടെ തൊഴിൽ ചെയ്യുന്നവർ വരെ ദുരിതത്തിന്റെ ഒരേ നൂലിൽ കോർത്ത ജീവിതങ്ങളാണ്. ദിവസക്കൂലി വാങ്ങിയിരുന്നവർക്ക് ലോക്ക് ഡൗൺ തുടങ്ങുന്നതിന്റെ തലേ ദിവസം വരെയുള്ള ശമ്പളം കിട്ടിയെന്ന് ആശ്വസിക്കാം. പക്ഷേ മാസ ശമ്പളം വാങ്ങിയിരുന്ന പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇന്നലെയും കഴിഞ്ഞ മാസത്തെയും ശമ്പളം ലഭിച്ചിട്ടില്ല. അപ്രതീക്ഷിതമായ വരുമാന നഷ്ടത്തിലേക്ക് സ്ഥാപനങ്ങൾ നീങ്ങിയതോടെ ജീവനക്കാർക്ക് വേതനം കൊടുക്കാനുള്ള ശേഷി പല സ്ഥാപനങ്ങൾക്കും ഇല്ല. വലിയ സാമ്പത്തിക അടിത്തറയോടെ പ്രവർത്തിക്കുന്ന ബ്രാൻഡഡ് സ്ഥാപനങ്ങൾക്ക് മാത്രമാണ് ജീവനക്കാരുടെ ദുരിതം തിരിച്ചറിഞ്ഞ് അവരെ സഹായിക്കാനും ചേർത്ത് നിറുത്താനുമായത്.

വീട്ടുജോലി ചെയ്യുന്നവരും കൂലിപ്പണിക്കാരും ജോലി ചെയ്യാൻ സന്നദ്ധരാണെങ്കിലും ജോലിസ്ഥലത്ത് ചെല്ലാൻ പോലും തൊഴിലുടമകൾ അനുവദിക്കാത്ത സ്ഥിതിയുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഏതെങ്കിലും ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്നവരല്ല. സംഘടിതരല്ലാത്തതിനാൽ തങ്ങളുടെ ശബ്ദം അധികാര കേന്ദ്രങ്ങളിലെത്തിക്കാൻ കഴിയാതെ പോയവരാണ്.

സർക്കാരിന്റെ സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും മാത്രമാണ് ഇവരുടെ ഏക ആശ്രയം. ചികിത്സാ ചെലവുകൾ പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും നിവൃത്തികേടുകളോട് സമരസപ്പെടുകയാണിവർ. കൊവിഡുമായി ബന്ധപ്പെട്ട ദുരിത കാലം അവസാനിച്ച് നിയന്ത്രണങ്ങളും വിലക്കുകളും ഇല്ലാതെ സാധാരണ ജീവിതം സജീവമാകുന്നത് കാത്തിരിക്കുകയാണ് തൊഴിലാളികളും കുടുംബങ്ങളും.