കൊല്ലം: കൊവിഡ് 19 മായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകൾ നടത്തുന്ന പ്രതിരോധ പ്രതികരണ പ്രവൃത്തികളുടെ ഓൺലൈൻ വിവരശേഖരണത്തിനും ക്രോഡീകരികണത്തിനുമായി ഡാഷ് ബോർഡ് തുടങ്ങി. ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ രൂപീകരിച്ച കൊവിഡ് ഡേറ്റാ മാനേജ്‌മെന്റ് സെൽ തയ്യാറാക്കിയ സംവിധാനമാണിത്. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ മൗസ് ക്ലിക്കിലൂടെ ഡാഷ് ബോർഡിലെ വിവരങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വിവിധ വകുപ്പുകൾ സമർപ്പിക്കുന്ന വിവരങ്ങൾ ഓൺ ലൈനായി ക്രോഡീകരിക്കപ്പെട്ട് ദിവസേനയുള്ള കളക്ടറുടെ സൂം വീഡിയോ കോൺഫറൻസിൽ അവലോകനം ചെയ്യും. തുടർന്ന് പൊതുജനങ്ങൾക്ക് ഡാഷ് ബോർഡ് വിവരങ്ങൾ ഓൺലൈനായി ലഭ്യമാക്കും. ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് ലിങ്ക്: kollam.nic.in/covid19. കൊവിഡ് സംബന്ധിച്ച വിവരങ്ങളും വിവിധ വകുപ്പുതല പ്രവർത്തനങ്ങളും പൊതുജന സമക്ഷം ഇതോടെ സുതാര്യമായി എത്തും.