വില ചോദിക്കരുത്, രുചി നോക്കിയാൽ മതി
കൊല്ലം: ലോക്ക് ഡൗൺ കാലത്ത് വിപണിയിലെത്തുന്ന മത്സ്യങ്ങളിൽ വിഷ സാന്നിദ്ധ്യമേറിയതോടെ കരിമീൻ ഉൾപ്പെടെയുള്ള വളർത്ത് മത്സ്യങ്ങൾക്ക് ആവശ്യക്കാരേറി. കുളത്തിലും പ്രത്യേക ടാങ്കുകളിലും കൂട്ടിലും വളർത്തുന്ന രോഹു മുതൽ കരിമീൻ വരെയുള്ള മത്സ്യങ്ങൾക്കാണ് പ്രിയമേറിയത്. മൺറോത്തുരുത്, തൃക്കരുവ, പെരിനാട്, പനയം, കരുനാഗപ്പള്ളി ഭാഗങ്ങളിൽ കൂട് കരിമീൻ കൃഷി വ്യാപകമാണ്. ഉപ്പ് വെള്ളത്തിൽ വളരുന്ന ഇനം കരിമീനാണിത്. കാര ചെമ്മീൻ, വനാമി കൊഞ്ച്, നാരൻ കൊഞ്ച്, ഞണ്ട് എന്നിവയും മൺറോത്തുരുത് ഉൾപ്പെടുന്ന അഷ്ടമുടി ഭാഗങ്ങളിൽ ലഭ്യമാണ്. രോഹു, കട്ല, മൃഗാൽ, അസാം വാള, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾ നാട്ടിടങ്ങളിലെയും നഗരങ്ങളിലെയും കർഷകരിൽ നിന്ന് സുലഭമായി ലഭിക്കും.
ആറു മാസം വളർച്ചയെത്തിയ രോഹു, കട്ല തുടങ്ങിയ മത്സ്യങ്ങൾ ഒരെണ്ണം 350 ഗ്രാമിലേറെ തൂക്കം വരും. ഇവയുടെ രുചി പലരെയും ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. വലിയ തോതിൽ സബ്‌സിഡിയും ആകർഷക പദ്ധതികളും പ്രഖ്യാപിച്ച് ഫിഷറീസ് വകുപ്പ് അടുത്തിടെ ധാരാളം കർഷകരെ മത്സ്യക്കൃഷിയിലേക്ക് എത്തിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ, ഫിഷറീസ് വകുപ്പ് എന്നിവരെ ബന്ധപ്പെട്ടാൽ ഓരോ പ്രദേശത്തെയും മത്സ്യകർഷകരെ കുറിച്ച് അറിയാനാകും.
ഇന്നലത്തെ ശരാശരി മത്സ്യവില കിലോഗ്രാമിന്
രോഹു: 250 രൂപ
കട്ല : 250
മൃഗാൽ: 250
അസാം വാള: 250
തിലോപ്പിയ: 300
കരിമീൻ: 600
കാര ചെമ്മീൻ: 800
വനാമി കൊഞ്ച്: 800
നാരൻ കൊഞ്ച്: 400 - 600
ഞണ്ട്: 600
(പ്രദേശിക സ്വഭാവം അനുസരിച്ച് മാറ്റം വരാം)