കൊല്ലം: വേനൽ എത്ര കടുത്താലും കാറ്രും മഴയും വരരുതേയെന്ന് പ്രാർത്ഥിക്കുന്നവരാണ് തെങ്ങുകയറ്റക്കാർ. മഴയോ കാറ്റോ ആയാൽ തെങ്ങിൽ കയറാനാവില്ല. വീട്ടിൽ അടുപ്പ് പുകയില്ല. ഇപ്പോൾ കൊടുങ്കാറ്റ് പോലെയാണ് തെങ്ങുകയറ്രക്കാരുടെ ജീവതത്തിൽ കൊവിഡ് കാലം. വീട്ടിൽ മഴക്കാലത്തേത് പോലെ കഞ്ഞി മാത്രം. രാത്രി പല വീടുകളിലും അത്താഴമില്ല. ഇവരുടെ സങ്കടം ആരറിയാൻ. ആര് കേൾക്കാൻ.
നേരത്തെ ഒരു തെങ്ങേയുള്ളു, ഒന്ന് കയറി അടർത്തുമോയെന്ന് ചോദിച്ച് നേരം വെളുക്കുമ്പോൾ തന്നെ തേങ്ങ വെട്ടുകാരന്റെ വീടിന് മുന്നിൽ ആളെത്തും. ആരും വിളിക്കാതായതോടെ സ്ഥിരമായി വെട്ടുന്ന വീടുകൾക്ക് മുന്നിൽ ചുറ്റിക്കറങ്ങി ചെല്ലും. ആളനക്കം കാണുന്നതോടെ വീട്ടുകാർ വാതിലടച്ച് അകത്ത് കയറും. എന്ത് ചെയ്യാനാ പലരുടെയും കൈയിൽ തേങ്ങ അടർത്താൻ പോലും കാശ് കാണില്ലെന്ന് കരുതി സ്വയം ആശ്വസിക്കുകയാണ് ഇവർ.
പണ്ട് പത്ത് തേങ്ങയ്ക്ക് ഒരു തേങ്ങ കൊഴിയാൽ ആയിരുന്നു. തെങ്ങും തേങ്ങയും കുറഞ്ഞതോടെ ഇപ്പോൾ കൂലിയാണ്. ആഴ്ചയിൽ ആയിരം രൂപ പോലും തികച്ച് കിട്ടില്ല. കൊവിഡ് വന്നതോടെ അതും കൂടി ഇല്ലാതായി. സംഘടിതരല്ലാത്തതിനാൽ ഇങ്ങനെയൊരു വിഭാഗത്തെ കുറിച്ച് സർക്കാർ ചിന്തിക്കുന്നേയില്ല. പിന്നല്ലേ എന്തെങ്കിലും സഹായം പ്രഖ്യാപിക്കാൻ.
"
പണ്ടെത്തെപ്പോലെയല്ല പലയിടത്തും അഞ്ചും ആറും തെങ്ങാണ്. പ്രായമൊക്കെ ഒത്തിരിയായി. വേറെ പണിയൊന്നും വശമില്ലാത്തുകൊണ്ട് ഇപ്പോഴും തെങ്ങ് കയറുന്നു. വീട്ടുകാരി റേഷനൊക്കെ വാങ്ങി കഞ്ഞിവച്ച് തരുന്നു. അവളുടെ കൈയിൽ എന്തെങ്കിലും കൊണ്ടുകൊടുത്തിട്ട് ആഴ്ച രണ്ടാകുന്നു. ഇനി എത്ര ദിവസം ഇങ്ങനെ പോകും.
എൻ. സോമരാജൻ, വാളത്തുംഗൽ
തെങ്ങുകയറ്റ തൊഴിലാളി