നിത്യോപയോഗ സാധനവില താങ്ങാനാകുന്നില്ല
കൊല്ലം: നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വില വർദ്ധിപ്പിച്ചതിന് പിന്നാലെ പൊതുവിപണിയിലും വിലയേറി. കഴിഞ്ഞ ദിവസമാണ് സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും അവശ്യ സാധനങ്ങൾക്ക് വില ഉയർത്തിയത്. സ്വാഭാവിക നടപടിയെന്നായിരുന്നു വിലക്കയറ്റത്തെ സപ്ലൈകോ വിലയിരുത്തിയത്.
ഇതേ വിലയിരുത്തലാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിൽ മൊത്ത വിതരണക്കാരും വ്യാപാരികളും നിരത്തുന്നത്. ഉപഭോക്താക്കൾ കൂടുതലായി ആവശ്യപ്പെടുന്ന ചെറുപയർ, വൻ പയർ, ഉഴുന്ന് എന്നിവയുടെ വില പൊതുവിപണിയിൽ ദിനം പ്രതി മാറിമറിയുകയാണ്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഓരോ ജില്ലയിലെയും സാഹചര്യങ്ങളും സാധനങ്ങളുടെ ലഭ്യതയും വിലയിരുത്തി ശരാശരി വില നിർണയിക്കാറുണ്ട്.
ഇതിനേക്കൾ വളരെ കൂടിയ നിരക്കാണ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈടാക്കിയത്. ചെറുപയിന് 150, വൻ പയറിന് 126, ഉഴുന്നിന് 132 എന്നിങ്ങനെ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ വില കൂട്ടുകയാണ്. ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന സൂചനകൾ ഭരണ കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്നതിന്റെ ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. അവശ്യസാധനങ്ങൾ കിട്ടാതെ വരുമെന്ന ജനങ്ങളുടെ ഭയത്തെ വലിയ തോതിൽ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം വ്യാപാരികൾ നടത്തുന്നത്.
വിജിലൻസ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വിഭാഗങ്ങൾ അമിത വിലയും പൂഴ്ത്തിവയ്പ്പും തടയാൻ വലിയ തോതിൽ പരിശോധനയും പരിശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും സംഘടിത പകൽക്കൊള്ള അനുദിനം ശക്തിയാർജ്ജിക്കുന്നതാണ് വിപണിയിൽ കാണാനാവുക.