കൊല്ലം: കൊവിഡ് ചികിത്സയിൽ ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കാൻ റോബോട്ട് നിർമ്മിച്ച് ഡൽഹിയിലെ മലയാളി എൻജിനിയർമാർ. ആശുപത്രിയിലുള്ള രോഗികൾക്കാവശ്യമായ മരുന്ന്, ഭക്ഷണം, സാനിറ്റൈസർ എന്നിവ കിടക്കയ്ക്കരികിൽ എത്തിക്കുന്ന 'നോവസ് കെയർ' റോബോട്ട് ഡൽഹിയിലെ ഹൈടെക് റോബോട്ടിക് സൊല്യൂഷൻസ് ആണ് നിർമ്മിച്ചത്.
ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് രോഗികളുമായുള്ള സമ്പർക്കം കുറച്ച് കൂടുതൽ സുരക്ഷിതരായിരിക്കാൻ ഇത് സഹായിക്കും. ഡൽഹിയിലെ ഐ.ടി.ബി.പി ആശുപത്രിയിലെ കൊവിഡ് വാർഡിൽ റോബോട്ടിനെ വിജയകരമായി പരീക്ഷിച്ചു.
ചെറിയ കാറിന്റെ മാതൃകയിൽ നാല് വീലുകൾ ഘടിപ്പിച്ച റോബോട്ടിന്റെ പ്രധാന ഭാഗങ്ങൾ ലിഡാർ സെൻസർ, കാമറ എന്നിവയാണ്. മുകളിൽ ഘടിപ്പിച്ച പല തട്ടുകളുള്ള സ്റ്റാൻഡിൽ 100 കിലോഗ്രാം വരെ വയ്ക്കാം. നാവിഗേറ്റർ സംവിധാനം ഉപയോഗിച്ച് ആശുപത്രി വാർഡിന്റെ മാപ്പ് റോബോട്ട് തയ്യാറാക്കും. ഇതിൽ രേഖപ്പെടുത്തുന്നത്രയും സ്ഥലത്താകും സഞ്ചാരം. റോബോട്ടിനെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറിൽ വാർഡിലെ രോഗികളുടെ വിവരവും കിടക്കയുടെ നമ്പരും രേഖപ്പെടുത്തും. നഴ്സിംഗ് സ്റ്റേഷനിൽ നിന്ന് കമാൻഡ് നൽകിയാൽ റോബോട്ട് മരുന്നും ഭക്ഷണവും മറ്റും രോഗിക്ക് കൃത്യമായി എത്തിച്ച് മടങ്ങിയെത്തും.
ടി.കെ.എമ്മിലും അമൃതയിലും പഠിച്ചിറങ്ങിയവർ
കൊല്ലം സ്വദേശി ജോഗേഷ് എസ്. നന്ദ, പാലക്കാട് സ്വദേശി മുഹമ്മദ് അബ്ദുൽ ബാസിത് അലി, തിരുവല്ല സ്വദേശി രാഹുൽ കൃഷ്ണൻ, കൊച്ചി സ്വദേശികളായ രാഹുൽ രവീന്ദ്രൻ, മിലൻ മൈക്കിൾ എന്നീ റോബോട്ടിക്സ് എൻജിനിയർമാരടങ്ങുന്ന സംഘമാണ് റോബോട്ടിന് രൂപം നൽകിയത്. കൊല്ലം ടി.കെ.എം, അമൃത എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് റോബോട്ടിക്സിൽ എം.ടെക് പഠിച്ചിറങ്ങിയവരാണിവർ.
''ഡൽഹി ഐ.ടി.ബി.പി കൊവിഡ് വാർഡിലാണ് ആദ്യമായി അവതരിപ്പിച്ചതെങ്കിലും അപ്പോളോ ആശുപത്രിയിലും ഉടൻ റോബോട്ടിന്റെ സേവനം എത്തും. 10-15 ലക്ഷം രൂപയാണ് വില.
- എൻജിനിയർമാർ.