കരുനാഗപ്പള്ളി: ലോക്ക് ഡൗണിൽ പുതിയൊരു കാർഷിക സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്. മണ്ണിനെ അറിഞ്ഞ് മുന്നോട്ട് പോകാനാണ് ക്ലബ് അംഗങ്ങളുടെ തീരുമാനം. ക്ലബ് അംഗങ്ങൾ സാമൂഹിക അകലം പാലിച്ച് വീടുകളിൽ നല്ല രീതിയിൽ തന്നെ പച്ചക്കറികൾ വിളയിച്ചെടുത്ത് സമൂഹത്തിന് മാതൃകയാവുകയാണ്.
കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് നേടിയ കൃഷി അറിവുകൾ ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. കരനെൽ കൃഷിയിലൂടെ കഴിഞ്ഞ വർഷം നൂറുമേനി വിളവ് നേടിയ ഇവർ കെന്നഡി റൈസ് എന്ന പേരിൽ അത് വിപണിയിൽ എത്തിച്ചിരുന്നു. കൃഷിയോടൊപ്പം പറവകൾക്കായി വീടുകളിൽ കൂടിനീർ ഒരുക്കിയും പേപ്പർ പേനകൾ നിർമ്മിക്കുന്നതിനും അംഗങ്ങൾ സമയം കണ്ടെത്തുന്നു.
ഒഴിവ് സമയം പ്രകൃതിയോടൊപ്പം കഴിയാനാണ് അംഗങ്ങൾ ശ്രമിക്കുന്നത്. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് കുട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങൾ പങ്കുവയ്ക്കുന്നത്. വരും ദിവസങ്ങളിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് സ്കൂൾ മാനേജർ മായാ ശ്രീകുമാർ, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലി, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് എന്നിവർ പറഞ്ഞു.