s

പത്തനാപുരം: കുന്നിക്കോട് സ്നേഹതീരത്തിന് സമീപത്തെ വീടിന് മുന്നിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 12 ഓടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട പരിസരവാസികളാണ് കുന്നിക്കോട് പൊലീസിൽ വിവരം അറിയിച്ചത്.

നാട്ടുകാർ തക്കസമയത്തെത്തിയതിനാൽ തെരുവ് നായ്ക്കൾ കുഞ്ഞിനെ കടിച്ചുകീറിയില്ല. പൊലീസ് കുഞ്ഞിനെ സ്നേഹതീരം അഭയകേന്ദ്രം ഡയറക്ടർ സിസ്റ്റർ റോസിലിന് കൈമാറി. വൈദ്യ പരിശോധനകൾക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

അഞ്ചുദിവസം പ്രായമായ പെൺകുഞ്ഞാണ്. സമീപത്തെ വീടുകളിലെ സി.സി ടി.വി കാമറയിൽ ഒരാൾ കുഞ്ഞിനെ ഉപേക്ഷിച്ചശേഷം പോകുന്നതായി കണ്ടെങ്കിലും തിരിച്ചറിയാനാകാത്ത നിലയിലാണ്. കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.