c
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൊല്ലം ചിന്നക്കടയിൽ തുടരുന്ന പൊലീസിന്റെ കർശന പരിശോധന

 423 കേസുകളിലായി 359 വാഹനങ്ങൾ പിടിച്ചെടുത്തു

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് ജില്ലയിലാകെ 428 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തു. 423 കേസുകളിലായി 359 വാഹനങ്ങളും പിടിച്ചെടുത്തു. അതിർത്തി കടന്ന് വിഷ മത്സ്യങ്ങൾ വൻ തോതിൽ ജില്ലയിലേക്കെത്തുന്നതിനാൽ പഴകിയതും ഫോർമാലിൻ സാനിദ്ധ്യമുള്ളതുമായ മത്സ്യം പിടിച്ചെടുക്കാൻ പൊലീസ് പരിശോധനകൾ ശക്തമാക്കി. വ്യാജമദ്യ നിർമ്മാണം, വിൽപ്പന എന്നിവ തടയാൻ പ്രത്യേക നിരീക്ഷണം തുടരും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, എറണാകുളത്തെ ഇടപ്പള്ളി എന്നിവിടങ്ങളിലെ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ കൊല്ലത്ത് നിന്ന് പൊലീസിന്റെ പ്രത്യേക സംവിധാനം വഴി എത്തിച്ച് നൽകി. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 214 കേസുകളിലായി 214 പേരെ അറസ്റ്റ് ചെയ്ത് 187 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസ് 209 കേസുകളിലായി 214 പേരെ അറസ്റ്റ് ചെയ്ത് 172 വാഹനങ്ങൾ പിടിച്ചെടുത്തു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. ഇടറോഡുകൾ, വയലേലകൾ, തീരമേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ ഒത്തുകൂടൽ ഫുട്ബാൾ - ക്രിക്കറ്റ് മത്സരങ്ങൾ, ചീട്ട് കളി എന്നിവ വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മേഖലകൾ ഡ്രോൺ നിരീക്ഷണത്തിന്റെ പരിധിയിലാക്കിയത്. അനാവശ്യ യാത്രകൾക്കും കാഴ്ചകൾക്കുമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ മാത്രമല്ല ഒത്തുകൂടലുകൾ, കായിക വിനോദങ്ങൾ എന്നിവ നടത്തുന്നവരും അറസ്റ്റിലാകും.