ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചാത്തന്നൂർ പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മത്സ്യം പിക്ക് അപ്പ് വാനുകളിലും ബൈക്കുകളിലും സൈക്കിളുകളിലുമായി വില്പന നടത്തി വരുകയായിരുന്നു. ചൂര, ചാള തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. രാസ വസ്തുക്കൾ കലർത്തിയ മത്സ്യം വില്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയപ്പ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഓരനെല്ലൂർ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, ഗോപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.