കൊല്ലം: കൊല്ലം പള്ളിമുക്കിൽ 2.2 ടൺ പഴകിയ കേര ചൂര പിടിച്ചെടുത്ത് നശിപ്പിച്ചു. മത്സ്യവുമായെത്തിയ ചെറിയ വാൻ രാവിലെ എട്ടോടെ ലോക്ക് ഡൗൺ പരിശോധനകൾക്കിടെ പൊലീസാണ് തടഞ്ഞത്. പഴകിയ മത്സ്യമാണെന്ന് പ്രാഥമികമായി ബോദ്ധ്യപ്പെട്ടതോടെ വിവരം ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മിഷണർ കെ. ശ്രീകലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ നടത്തിയ പരിശോധനയിലും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമെന്ന് ബോദ്ധ്യപ്പെട്ടു. പക്ഷേ വാഹനത്തിലുള്ളത് നല്ല മത്സ്യമാണെന്ന് ഡ്രൈവറും സഹായിയും ശക്തമായി വാദിച്ചതോടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറെ ബന്ധപ്പെട്ട് പ്രത്യേക വാഹനത്തിൽ സാമ്പിൾ തിരുവനന്തപുരത്തെ ഗവ. അനലിസ്റ്റ് ലാബിലെത്തിച്ചു. മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന ഫലം രണ്ട് മണിക്കൂറിനുള്ളിൽ ലഭിച്ചു. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന് പഴകിയ മത്സ്യം കൈമാറി. അവരുടെ നേതൃത്വത്തിൽ മത്സ്യം നശിപ്പിച്ചു.