കൊല്ലം: അശരണരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സഹായഹസ്തവുമായി കടയ്ക്കൽ ദയ ചാരിറ്റബിൾ ട്രസ്റ്റ്. ഗാന്ധിഭവൻ ലോക്ഡൗണിൽ പ്രതിസന്ധിയിലാണെന്ന് പത്രവാർത്തയിലൂടെ അറിഞ്ഞതോടെ ദയ പ്രവർത്തകർ പലവ്യഞ്ജനങ്ങളും പച്ചക്കറിയും മരുന്നുകളും രണ്ട് വാഹനങ്ങളിലെത്തിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സാധനങ്ങൾ ഏറ്റുവാങ്ങി.
ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിതറ, കടയ്ക്കൽ, കുമ്മിൾ, ഇട്ടിവ ഗ്രാപഞ്ചായത്ത് മേഖലയിൽ കോവിഡ് പ്രതിരോധ രംഗത്തെ സന്നദ്ധസേവകർക്ക് സഹായമെത്തിച്ചും മാരകരോഗങ്ങൾ ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്ക് മെഡിസിനും അവശ്യഭക്ഷ്യസാധനങ്ങളും വീടുകളിലെത്തിച്ചും മാതൃകയാവുകയാണ് കടയ്ക്കൽ ദയ ചാരിറ്റബിൾ ട്രസ്റ്റ്. കൊവിഡ് പ്രതിരോധ രംഗത്തുള്ള നാലു പഞ്ചായത്ത് പ്രദേശങ്ങളിലെയും ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് ജീവനക്കാർ, ആശാവർക്കർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സന്നദ്ധ സേനാംഗങ്ങൾക്കുമായി 5,000 കോട്ടൻ മാസ്കുകൾ ട്രസ്റ്റ് നിർമ്മിച്ചു നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയുമാണ് മാസ്കുകൾ വിതരണം ചെയ്തത്. കാൻസർ, ഡയാലിസിസ് തുടങ്ങി മാരകരോഗബാധിതരുള്ള 50 കുടുംബങ്ങൾക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യമെഡിസിൻ കിറ്റുകളും ട്രസ്റ്റ് വീടുകളിൽ എത്തിച്ചു. കഴിഞ്ഞ ആറ് വർഷമായി പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ നാട്ടിൽ സജീവമാണ് ദയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് ഷിബു, ജോ. സെക്രട്ടറി എ. ഗിരീഷ്, മാനേജർ വി.എസ്. ഗിരീഷ്, വി. ശ്രീകണ്ഠൻ നായർ, എം. നൗഷാദ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.