60 പേർക്കെതിരെ കേസ്, പത്തുപേർ അറസ്റ്റിൽ
ശാസ്താംകോട്ട: പോരുവഴി മലനട വീട്ടിനാൽ ഏലായിൽ ലോക്ക് ഡൗൺ ലംഘിച്ച് സി.പി.എം - ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം. നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും അടക്കം നൂറോളം പേർ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 60 പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ലോക്കൽ സെക്രട്ടറി അടക്കം പത്തുപേരെ അറസ്റ്റ് ചെയ്തു.ഡി.വൈ.എഫ്.ഐ പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിയുടെ ഭാഗമായാണ് ഏലായിലെ ആറ് ഏക്കറിൽ കൃഷിയിറക്കിയത്. ഹെക്ടറിന് 30,000 രൂപയും മറ്റ് സഹായങ്ങളും നൽകിയിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും സ്ത്രീകൾ അടക്കമുള്ളവർ കൂട്ടത്തോടെ പാടത്തേക്ക് ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യാതൊന്നും ചെയ്യാനായില്ല. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ ലംഘിച്ച് പോരുവഴി പഞ്ചായത്തിൽ ബഡ്‌ജറ്റും അവതരിപ്പിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അന്യജില്ലകളിൽ നിന്നും മടങ്ങിയെത്തിയ നിരവധിപേർ നിരീക്ഷണത്തിൽ കഴിയുന്ന പോരുവഴിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊയ്ത്തുത്സവം നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ജില്ലാ കളക്ടർക്ക് പരാതി നൽകി.
നിയമലംഘനം നടത്തിയിട്ടില്ല
വിളവെടുപ്പുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ ലംഘനം നടത്തിയിട്ടില്ല. താൻ മടങ്ങിയ ശേഷമാണ് ആളുകൾ സംഘടിച്ചത്. കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി സാമൂഹിക അടുക്കളയിലേക്ക് നൽകും. പാവപ്പെട്ടവർക്ക് നല്ല ആഹാരം കൊടുക്കുകയായിരുന്നു ലക്ഷ്യം.
ജയാ പ്രസന്നൻ
പഞ്ചായത്ത് പ്രസിഡന്റ്
''
ലോക്ക് ഡൗൺ ലംഘിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ ശ്രീജിത്ത്