കൊവിഡ് ദുരിതാശ്വാസത്തിനായി നടനും ചലച്ചിത്ര സംവിധായകനുമായ രാഘവ ലോറൻസ് മൂന്ന് കോടി രൂപ സംഭാവന നൽകി . ട്വിറ്റർ പേജിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം. 2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരിക്കുകയാണെന്നും തനിക്ക് അവസരം നൽകിയ രജനീകാന്തിനോടും സംവിധായകൻ പി.വാസുവിനോടും സൺ പിക്‌ചേഴ്‌സ് കലാനിധിമാരനോടും നന്ദിയുണ്ടെന്നും രാഘവ ലോറൻസ് കുറിച്ചു.
അഡ്വാൻസ് ആയി ലഭിച്ച മൂന്നു കോടി രൂപയാണ് താൻ കൊറോണ വൈറസ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതെന്നും രാഘവ ലോറൻസ് പറഞ്ഞു. മൂന്ന് കോടി രൂപയിൽ നിന്ന് പി.എം കെയേഴ്സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ,തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ, ഫെഫ്സി യൂണിയന് 50 ലക്ഷം രൂപ, ഡാൻസറുടെ യൂണിയൻ 50 ലക്ഷം, ശാരീരിക ശേഷി കുറവുള്ളവർക്ക് 25 ലക്ഷം രൂപ, ദിവസവേതനക്കാർക്കും ലോറൻസിന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികൾക്ക് 75 ലക്ഷം എന്നിങ്ങനെയാണ് താരം നൽകുന്നത്.