amitab-bacchan

ലോക്ക് ഡൗണിൻ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ . ബച്ചന്റെ ബ്ളോഗിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുംബയ് നഗരത്തിലും ചേരികളും ദിവസേന 2000 ഭക്ഷണപ്പൊതികളാണ് ബിഗ് ബി നൽകുന്നത്.

ഭക്ഷ്യധാന്യങ്ങളടങ്ങിയ 3000 കിറ്റുകൾ വേറെയും നൽകുന്നുണ്ട്. ഒരു കുടുംബത്തിന് ഒരുമാസത്തേക്ക് അവശ്യമായ ഭക്ഷ്യ ധാന്യങ്ങളടങ്ങിയ കിറ്റുകൾ 120000 പേരുടെ വിശപ്പകറ്റുമെന്ന് ബച്ചൻ പറയുന്നു. ഹാജി അലി ദർഗ, മഹിം ദർഗ, ബാബുൽനാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം നടത്തുന്നതെന്നും രാവിലെയും രാത്രിയിലെയും ഭക്ഷണമാണ് എത്തിക്കാറുള്ളതെന്നും അമിതാഭ് ബച്ചൻ കുറിക്കുന്നു.

എന്നാൽ ഭക്ഷണ വിതരണത്തിൽ ചില വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു. ചേരികളിൽ ഭക്ഷണ വിതരണത്തിന് എത്തുമ്പോൾ ആളുകൾ തിരക്കുകൂട്ടുന്നതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. കൂടാതെ ലോക്ക് ഡൗൺ കാലമായതിനാൽ വാഹന നിയന്ത്രണവും വെല്ലുവിളിയാകുന്നുണ്ട്. സിനിമാമേഖലയിലെ ദിവസവേതനക്കാർക്കുള്ള റേഷൻ നൽകുന്ന പദ്ധതിയിലും ബച്ചൻ പങ്കാളിയാകുന്നുണ്ട്.