കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കായി തന്റെ ആഡംബര ഹോട്ടൽ വിട്ടുകൊടുത്ത് നടൻ സോനു സൂദ്. ഈ പ്രതിസന്ധിഘട്ടത്തിൽ ആരോഗ്യപ്രവർത്തകരുടെ മഹത്തായ പ്രവർത്തനങ്ങൾക്കുള്ള സ്നേഹ സമ്മാനമായാണ് താരം ഹോട്ടൽ വിട്ടുനൽകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സോനു സൂദ് ഈ വിവരം അറിയിച്ചത്.
രാത്രിയും പകലുമെന്നില്ലാതെ നിരന്തരം ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന നമ്മുടെ ദേശീയ ഹീറോകൾക്കായി ഞാൻ ജുഹുവിലെ ഹോട്ടൽ തുറന്നുവയ്ക്കുകയാണ്. അവർ ചെയ്യുന്ന ഈ വലിയ സേവനത്തിന് കുറഞ്ഞത് ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞു- അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും താമസിക്കാനായി ജുഹുവിലെ ആറു നിലയുള്ള ഹോട്ടലാണ് വിട്ടു നൽകുന്നത്.
'ആളുകളുടെ ജീവൻ രക്ഷിക്കാൻ രാവും പകലും അധ്വാനിക്കുന്ന രാജ്യത്തെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. മുംബയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് താമസിക്കാൻ ഒരു സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റിയിലും, സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യത്തെക്കുറിച്ച്ACTYOR ഞങ്ങൾ അറിയിച്ചിട്ടുണ്ട്' - സോനു പറഞ്ഞു. ഷാരൂഖ് ഖാനും തന്റെ ആഡംബര വസതി ആരോഗ്യ പ്രവർത്തകർക്കായി വിട്ടുനൽകിയിരുന്നു.