കൊല്ലം: വഴിതെറ്റി 15 കിലോമീറ്റർ നടന്നെത്തി അവശയായ വയോധികയ്ക്ക് പൂയപ്പള്ളി ജനമൈത്രി പൊലീസ് തുണയായി. കൊട്ടാരക്കര കുര സ്വദേശിനി ഏലിയാമ്മയമ്മ (80) ആണ് വഴിതെറ്റി പൂയപ്പള്ളിയിലെത്തിയത്. അവശയായ വയോധിക പൂയപ്പള്ളി ജംഗ്ഷൻ വഴി നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസ് എവിടെ പോവുകയാണെന്ന് അന്വേഷിച്ചപ്പോഴാണ് കുരയിലുള്ള വീട്ടിലേക്കാണെന്ന് അറിയിച്ചത്.
വഴിതെറ്റി പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് ഇവർ രാവിലെ കൊട്ടാരക്കര പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ പോയതാണെന്നും 11 മണിയോടെ അവിടെ നിന്ന് നടന്ന് വീട്ടിലേക്ക് പോവുകയാണെന്നും അറിയിച്ചത്. കുരായിലേക്കുള്ള വഴിയാണെന്ന് കരുതി കൊട്ടാരക്കര - ഓയൂർ റോഡിലൂടെ നടക്കുകയായിരുന്നു. 5 മണിയോടെയാണ് പൂയപ്പള്ളിയിലെത്തിയത്.ഇവരുടെ മേൽവിലാസം മനസിലാക്കിയ പൊലീസ് കുരായിലെ വാർഡ് മെമ്പറുമായി ബന്ധപ്പെടുകയും ഇതുവഴി വന്ന വെട്ടിക്കവല പഞ്ചായത്തിന്റെ വാഹനത്തിൽ വീട്ടിലെത്തിക്കുകയായിരുന്നു.