കയറ്റുമതിയെയും കൊവിഡ് തകർത്തു
കൊല്ലം: ലോക്ക് ഡൗണിൽ സംസ്ഥാനത്തെ കശുഅണ്ടി ഫാക്‌ടറികളുടെ പ്രവർത്തനം നിലച്ചതോടെ 200 കോടിയിലേറെ രൂപയുടെ പരിപ്പ് കെട്ടിക്കിടന്ന് നശിക്കുന്നു. സീസണായതു കാരണം, തോട്ടണ്ടി സംസ്‌കരണം വ്യാപകമായി നടക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ പ്രാബല്യത്തിലായത്. സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങളിലിരുന്ന പരിപ്പ് അന്നുമുതൽ അതേപടി ഫാക്‌ടറികളിൽ കിടക്കുകയാണ്. പലസ്ഥലത്തും പരിപ്പ് പുഴുവരിച്ച് തുടങ്ങി. സ്ഥിതി തുടർന്നാൽ, പരിപ്പ് കുഴിച്ച് മൂടാനേ കഴിയൂ. ഫാക്‌ടറികൾ പരിമിത സമയം പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
കേരളത്തിൽ സംസ്‌കരിക്കുന്ന പരിപ്പിന്റെ 70 ശതമാനം ആഭ്യന്തര വിപണിയിലും 30 ശതമാനും ദേശീയ - അന്താരാഷ്ട്ര വിപണികളിലുമാണ് വിറ്റഴിക്കുന്നത്. കൊവിഡ് ലോകത്താകെ വ്യാപിച്ചതു കാരണം പരിപ്പിന്റെ കയറ്റുമതിയും നിലച്ചു. ലോക്ക് ഡൗൺ മൂലം ആഭ്യന്തര വിപണിയിലും കച്ചവടം ഇല്ലാതായി.
70%
കേരളത്തിൽ സംസ്കരിക്കുന്ന കശുഅണ്ടിയുടെ 70 ശതമാനവും വിറ്റഴിക്കുന്നത് ആഭ്യന്തര വിപണിയിൽ.
തൊഴിലാളികളും
പ്രതിസന്ധിയിൽ
ഏഴ് തൊഴിലാളികളുള്ള പീലിംഗ് കേന്ദ്രങ്ങൾ മുതൽ 300 പേർ വരെ പണിയെടുക്കുന്ന വലിയ ഫാക്ടറികളും അടങ്ങുന്നതാണ് കശുഅണ്ടി വ്യവസായം. വറുത്ത തോട്ടണ്ടി തല്ലിയാണ് പരിപ്പെടുക്കുന്നത്. പിന്നീടിത് ബോർമയിൽ ചൂടാക്കി പീലിംഗ് ചെയ്താണ് തരംതിരിക്കുക. യന്ത്രവത്കൃത ഫാക്ടറികൾ സംസ്ഥാനത്ത് കുറവായതിനാൽ ഇത്തരം ജോലികളെല്ലാം ചെയ്യുന്നത് തൊഴിലാളികളാണ്. ലോക്ക് ഡൗൺ സംസ്ഥാനത്ത് ആയിരക്കണക്കിന് തൊഴിലാളികളെ സാരമായി ബാധിച്ചെന്നു ചുരുക്കം.
വ്യവസായികളെ
വലച്ച് ബാങ്കുകൾ
വായ്‌പകൾക്ക് മൂന്ന് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ മാർച്ച് 31ന് ബാങ്കുകൾ അൻപതോളം വ്യവസായികളുടെ അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്‌തിയായി പ്രഖ്യാപിച്ചു. ഇവർക്ക് മറ്റ് ബാങ്കുകളെ സമീപിക്കാനും വായ്‌പ എടുക്കാനുമുള്ള സാഹചര്യം ഇതോടെ ഇല്ലാതായി.
'തിരിച്ചു വരാൻ കഴിയാത്ത പ്രതിസന്ധിയിലാണ് വ്യവസായികൾ. മോറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടണം. സർക്കാരിന്റെ പ്രത്യേക പാക്കേജ് കൂടിയേ തീരൂ".
ഐ. നിസാമുദ്ദീൻ,
പ്രസിഡന്റ്, ഫെഡറേഷൻ ഒഫ് കാഷ്യു
പ്രൊസസിംഗ് ആൻഡ് എക്‌സ്‌പോർട്ടേഴ്സ്