newyork

കൊവിഡിനിടയിലും മുഖ്യം കച്ചവടം

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ, അമേരിക്കയിലെ ന്യൂയോർക്കിൽ 40,000 ത്തിലേറെ വരുന്ന മലയാളി കുടുംബങ്ങൾ ആശങ്കയിൽ. അമേരിക്കയിൽ ഇതുവരെ 31 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ പകുതിയും ന്യൂയോർക്കിൽ കഴിയുന്നവരാണ്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലുള്ളവരാണ് ന്യൂയോർക്കിലെ മലയാളികളിൽ കൂടുതലും. വലിയ ദുരിതത്തിനിടയിലും കച്ചവടമാണ് അവിടെ മുഖ്യം. ലോക്ക് ഡൗണിലും വലിയ മാളുകൾ മാത്രമാണ് പൂർണമായും അടച്ചത്. റസ്റ്റോറന്റുകളിൽ ഇപ്പോഴും തിരക്കുണ്ട്. ബാങ്ക് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വലിയ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്നു. വാഹനങ്ങളും ഓടുന്നു. ഒരാഴ്ച മുമ്പു മാത്രമാണ് ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണംകഴിക്കൽ അവസാനിപ്പിച്ചത്. അതിന്റെ പത്തിരട്ടി പാർസലായി പോകുന്നുണ്ട്. അതിനാൽ ജീവനക്കാരെ കുറയ്ക്കുന്നില്ല. തുറന്നു പ്രവർത്തിപ്പിച്ച സ്ഥാപങ്ങളിൽ നൂറുകണക്കിനു പേർക്ക് രോഗം പിടിപെട്ടു.

കൊവിഡ് സ്ഥിരീകരിക്കുന്നവരെപ്പോലും കൃത്യമായി കിടത്തി ചികിത്സിക്കുന്നില്ല. അത്യാസന്ന നിലയിലുള്ളവർക്ക് മാത്രമാണ് വെന്റിലേറ്ററും ഐ.സി.യുവും അടക്കമുള്ള സംവിധാനങ്ങൾ. ജനങ്ങളുടെ എതിർപ്പ് പരിഗണിച്ച് ന്യൂയോർക്ക് തീരത്തോടു ചേർന്ന് 1000 പേരെ ചികിത്സിക്കാൻ ഒരു കപ്പൽ സജ്ജമാക്കുന്നുണ്ട്.

കോളേജുകളും സ്‌കൂളുകളുമെല്ലാം അടച്ചെങ്കിലും ഓൺലൈൺ പഠനങ്ങളും വീഡിയോ കോൺഫറൻസും നിർബന്ധമാണ്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിട്ടതിനാൽ മലയാളികളടക്കം ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടമായി. ഗ്രീൻ കാർഡ് ഉള്ളവർക്കും അഞ്ചു വർഷമായി അമേരിക്കയിൽ താമസിക്കുന്നവർക്കും മാത്രമാണ് തൊഴിൽ രഹിത സഹായത്തിന് അർഹത. 1200 ഡോളറാണ് (ഏകദേശം ഒരു ലക്ഷം രൂപ) സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. പകുതി മലയാളികൾക്കും ഈ സഹായം കിട്ടില്ല.

ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയെ ആശുപത്രിയിൽ കിടത്താൻ തയ്യാറാകാതെ വീട്ടിൽ വിശ്രമിക്കാൻ വിട്ടു. ഇദ്ദേഹം തിരുവനന്തപുരത്തെ ഒരു സുഹൃത്തിന്റെ സഹായത്താൽ പനിക്കുള്ള മരുന്ന് വാങ്ങിക്കഴിച്ച് കഴിയുകയാണ്. സമാനമായ സ്ഥിതി ഒരുപാട് മലയാളികൾക്കുണ്ട്.