cereals

കൊല്ലം: ലോക്ക് ഡൗണിൽ കൂലിയും വേലയുമില്ലാതെ നാട്ടുകാരുടെ പോക്കറ്റ് കാലിയായെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. പയർ, ഉഴുന്ന് പരിപ്പ്, സാമ്പാർ പരിപ്പ് വിലയാണ് റോക്കറ്റുപോലെ മുകളിലേക്ക് പോകുന്നത്. പയറിന്റെയും ഉഴുന്നിന്റെയും വിലയാണ് ദിനംപ്രതി വർദ്ധിക്കുന്നത്. പയർ കർണാടകയിൽ നിന്നും സാമ്പാർ പരിപ്പും ഉഴുന്ന് പരിപ്പും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് സംസ്ഥാനത്തേക്കെത്തുന്നത്. കർണാടകയിൽ നിന്ന് വാഹനങ്ങൾ കടത്തിവിടാനുള്ള നിയന്ത്രണങ്ങളാണ് പയർ വില ഉയരാനുള്ള കാരണമായി പറയുന്നത്.

മറ്റിനങ്ങളെപ്പോലെ ലോറികൾ തിരികെ പോകുമ്പോൾ ലോഡ് കിട്ടാത്തതിനാൽ കൂടുതൽ കൂലി കൊടുക്കേണ്ടി വരുന്നുവെന്നതാണ് പരിപ്പിനങ്ങളുടെ വില ഉയരാനുള്ള കാരണമത്രേ. ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന ജയ അരിയുടെ വില രണ്ട് ദിവസം മുമ്പ് രണ്ട് രൂപ വർദ്ധിച്ചിരുന്നു. വെള്ളിച്ചെണ്ണ, പാം ഓയിൽ എന്നിവയുടെ വില വർദ്ധിച്ചതിന് പുറമെ ഇപ്പോൾ കിട്ടാനുമില്ലാത്ത അവസ്ഥയാണ്.

എന്നാൽ സൗജന്യ റേഷനരി എല്ലാവരും വാങ്ങിയതോടെ പൊതുവിപണിയിൽ അരിക്കച്ചവടം ഇടിഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു. സപ്ലൈകോയുടെ കിറ്റ് കൂടി വേഗത്തിൽ വിതരണം ചെയ്താൽ മറ്റിനങ്ങളുടെ വില വർദ്ധനവിനെയും പിടിച്ചുനിർത്താനാകും.

ഇനം , 10 ദിവസം മുമ്പുള്ള വില, രണ്ട് ദിവസം മുമ്പുള്ള വില, ഇന്നലത്തെ വില (കൊല്ലം നഗരത്തിൽ)

ഉഴുന്ന്-108-116- 125

പയർ-110-116- 120

സാമ്പാർ പരിപ്പ്- 70-78- 80

അരി- 34.80- 36.30

പാം ഓയിൽ- 78-88

വെളിച്ചെണ്ണ-160-165

പഞ്ചസാര- 38-42

മാറാതെ ഉള്ളി, സവാള വില

ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ കൃത്രിമമായി ഉയർത്തിയ ഉള്ളിയുടെയും സവാളയുടെയും വിലയിൽ കാര്യമായ വർദ്ധനവ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടില്ല. കൊല്ലം നഗരത്തിൽ കൊച്ചുള്ളി കിലോയ്ക്ക് 60 രൂപയും സവാളയ്ക്ക് 30 രൂപയുമാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള വില.