കൊല്ലം: ഒന്നോ രണ്ടോ ദിവസം പണി ഇല്ലായില്ലെങ്കിൽ കാർപ്പെന്റർമാർ എല്ലാദിവസവും ചിന്തേരിനും ഉളിക്കും മൂർച്ച കൂട്ടും. കൊട്ടുവടിയൊന്ന് ഉറപ്പിക്കും. ഇനി എന്ന് പണി കിട്ടുമെന്ന് ഉറപ്പിലാത്തതിനാൽ പലരും ഇപ്പോൾ ഉളിപ്പെട്ടി തുറക്കുന്നില്ല. ഇതോടൊപ്പം വീടുകളിലെ അരിക്കലവും ഒഴിഞ്ഞു തുടങ്ങിയിരിക്കുകയാണ്.
ആദ്യമായാണ് കാർപ്പെന്റർമാർ ഇത്രയും ദിവസം അടുപ്പിച്ച് ജോലി ഇല്ലാതെ നിൽക്കുന്നത്. ആർക്കും ജോലി ഇല്ലാത്തതിനാൽ പണം കടം വാങ്ങാനും സാധിക്കാത്ത അവസ്ഥയാണ്. പണിയില്ലാത്ത ദിവസങ്ങളിൽ പലരും തടി വാങ്ങി വീട്ടിൽ വച്ച് ഫർണിച്ചറുകൾ നിർമ്മിച്ച് കൊടുക്കുമായിരുന്നു. ഇപ്പോൾ തടി വാങ്ങാൻ മില്ലും ആണിയും സ്ക്രൂവും പൊളിഷുമൊക്കെ വാങ്ങാൻ മറ്റ് കടകളും തുറക്കുന്നില്ല. ജയിലിൽ അടച്ച അവസ്ഥയിലാണ് പലരും ഇപ്പോൾ വീടുകളിൽ.
ലോക്ക് ഡൗൺ കഴിഞ്ഞാലും പെട്ടെന്നെങ്ങും പണി കിട്ടുന്ന ലക്ഷണമില്ല. ഉരുപ്പടികൾ വാങ്ങാനും കൂലി നൽകാനും ആരുടെയും കൈയിൽ പണമില്ല. അതൊക്കെ ആയി വരാൻ ലോക്ക് ഡൗൺ കഴിഞ്ഞാലും മാസങ്ങളെടുക്കും.
'' നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വളരെ ചുരുക്കം ആശാരിമാർ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. വിരമിക്കുമ്പോൾ തിരിച്ചുപിടിക്കുമെന്ന വ്യവസ്ഥയിലാണ് ബോർഡിൽ നിന്ന് ആയിരം രൂപ അനുവദിച്ചിരിക്കുന്നത്. മറ്റ് ബോർഡുകളെപ്പോലെ ഉപാധികളില്ലാതെ സഹായിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്.
എ. ശിവരാജൻ, വടക്കേവിള(കാർപ്പെന്റർ)