pras
ഡയാലിസിസിനായി പ്രസന്നദാസിനെ കോസ്റ്റൽ പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ

കൊല്ലം: ഭർത്താവ് പ്രസന്നദാസിനെ ജില്ലാ ആശുപത്രിയിൽ ഡയാലിസിന് കൊണ്ടുപോകാൻ സുലോചന ആലോചിച്ചിട്ട് സുരക്ഷിതമായ ഒരു വഴിയും കണ്ടില്ല. ഒടുവിൽ ഫോണെടുത്ത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചു. മിനിറ്റുകൾക്കകം കോസ്റ്റൽ എസ്.ഐയും സംഘവും ആബുലൻസുമായി വീടിന് മുന്നിൽ. കൽപ്പണിക്കാരനായ മയ്യനാട് വലിയവിള പി. എസ് മന്ദിരത്തിൽ പ്രസന്നദാസിന് വൃക്കരോഗം ബാധിച്ചിട്ട് മൂന്ന് വർഷമായി. രണ്ടര വർഷമായി ആഴ്ചയിൽ മൂന്ന് ദിവസം വീതം ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് നടത്തുകയാണ്.

നേരത്തെ ബസിലാണ് ആശുപത്രിയിൽ പോയിരുന്നത്. ലോക്ക് ഡൗൺ ആയതോടെ അത് സാധിക്കാതെയായി. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ബൈക്കിൽ ആശുപത്രിയിലേക്ക് പോയി. ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതോടെയാണ് സുലോചന മുഖ്യമന്ത്രിയുടെ വീട്ടിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. വൈകാതെ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിയെത്തി.

വിലാസം പറഞ്ഞു കൊടുത്ത് മിനിറ്റുകൾക്കകം ആബുലൻസുമായി പൊലീസ് സംഘം എത്തുകയായിരുന്നു. ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ പ്രസന്ന ദാസിനെ ഡയാലിസിസ് നടത്താൻ ആശുപത്രിയിലും തിരികെ വീട്ടിലും എത്തിക്കാമെന്ന് കോസ്റ്റൽ പൊലീസ് ഉറപ്പ് നൽകി. കോസ്റ്റൽ സി.ഐ എസ്. ഷെരീഫ്, എസ്.ഐ എം.സി. പ്രശാന്തൻ, എ.എസ്.ഐ ഡി. ശ്രീകുമാർ, സി.പി.ഒ രാജേഷ്. ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രസന്നദാസിനെ ആശുപത്രിയിലെത്തിച്ചത്.