കൊല്ലം: ആരോഗ്യ പ്രവർത്തകർക്ക് ഇനി വൈറസ് പകരുമെന്ന ഭയമില്ലാതെ കൊവിഡ് സംശയിക്കുന്ന രോഗിയുടെ സ്രവം ശേഖരിക്കാം. സുരക്ഷിതമായി സ്രവം ശേഖരിക്കുന്ന സംവിധാനമായ വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക് (വിസ്‌ക്) പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും പ്രവർത്തന സജ്ജമായി. എൻ.എസ് സഹകരണ ആശുപത്രിയാണ് രണ്ടിടത്തേക്കും വിസ്‌ക് സൗജന്യമായി നിർമ്മിച്ചു നൽകിയത്. ദക്ഷിണ കൊറിയയിലാണ് ആദ്യമായി ഇത്തരം വിസ്‌ക് സംവിധാനം ആരംഭിച്ചത്. ഇതേ മാതൃകയിലാണ് എൻ.എസ് ആശുപത്രി കൊവിഡ് രോഗികളുടെ പരിചരണ കേന്ദ്രങ്ങളായ ജില്ലാ ആശുപത്രിക്കും പാരിപ്പള്ളി മെഡിക്കൽ കോളേജിനും ഇവ നിർമ്മിച്ചു നൽകിയത്.
ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ.എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രനിൽ നിന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ വിസ്‌കുകൾ ഏറ്റുവാങ്ങി. കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ താലൂക്ക് ആശുപത്രികളിലേക്ക് കൂടി വിസ്‌കുകൾ നിർമ്മിച്ചു നൽകണമെന്ന കളക്ടറുടെ അഭ്യർത്ഥന എൻ.എസ് ആശുപത്രി ഏറ്റെടുത്തെന്ന് പി. രാജേന്ദ്രൻ പറഞ്ഞു.. എം. മുകേഷ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സന്ധ്യ, ഡോ. മണികണ്ഠൻ, ആർ.സി.എച്ച് ഓഫീസർ ഡോ. കൃഷ്ണവേണി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, എൻ.എസ് ആശുപത്രി ഭരണസമിതിയംഗങ്ങളായ സൂസൻകോടി, കരിങ്ങന്നൂർ മുരളി, സെക്രട്ടറി പി. ഷിബു, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ പി.ആർ.ഒമാരായ ജയ്ഗണേശ്, ഇർഷാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, സി.പി.എം ഏരിയാ സെക്രട്ടറി എ.എം. ഇക്ബാൽ എന്നിവർ പങ്കെടുത്തു.
പ്രവർത്തനം ഇങ്ങനെ
ആരോഗ്യ പ്രവർത്തകർക്ക് പിന്നിലെ വാതിലിലൂടെ വിസ്‌കിനുള്ളിലേക്ക് കടക്കാം. രോഗിയെ ഇതിനു മുന്നിലെ കസേരയിലിരുത്തി പുറത്തേക്ക് നീണ്ടു വരുന്ന രണ്ട് കൈയുറകളിലൂടെ ആരോഗ്യപ്രവർത്തകർ കൈകടത്തി രോഗിയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ സ്രവം ശേഖരിച്ച് ഉടൻ തന്നെ സുരക്ഷിതമായി കവർ ചെയ്ത് പരിശോധനയ്ക്ക് അയയ്ക്കാം. രോഗിയുമായി ആരോഗ്യ പ്രവർത്തകന് യാതൊരു തരത്തിലുള്ള സമ്പർക്കവുമുണ്ടാകില്ല.