migrant-labor-camp

കൊല്ലം: മൊബൈൽ സംഗീതവും പകലുറക്കവും പാചകവുമായി താമസ കേന്ദ്രങ്ങളിൽ കഴിഞ്ഞ് കൂടുകയാണ് ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികൾ. ജില്ലയിലാകെ 9,954 തൊഴിലാളികൾ വിവിധ ക്യാമ്പുകളിലായി താമസിക്കുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. ഇവരിൽ 5400 പേർ വിവിധ കരാറുകാരുടെ സ്ഥിരം തൊഴിലാളികളാണ്. ഇവർക്ക് ഭക്ഷണവും സൗകര്യങ്ങളും തൊഴിലുടമ നിർബന്ധമായും ഉറപ്പ് വരുത്തണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. 4,554 തൊഴിലാളികൾ തൊഴിലുടമ ഇല്ലാതെ സ്വന്തമായി ജോലി കണ്ടെത്തി വരുമാനം നേടുന്നവരാണ്.

ഇവർക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ നാല് കിലോ ആട്ട, ഉരുളക്കിഴങ്ങ്, സവാള, മഞ്ഞൾപ്പൊടി, മുളക് പൊടി, കടുകെണ്ണ എന്നിവ അടങ്ങിയ ഭക്ഷ്യ ധാന്യങ്ങൾ താമസ കേന്ദ്രങ്ങളിൽ സർക്കാർ എത്തിച്ച് നൽകിയിരുന്നു. ഇരുപതിനായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടായിരുന്നെങ്കിലും കൊവിഡ് 19 ഭീതി ശക്തമായി തുടങ്ങിയതോടെ ഇവരിൽ പകുതിയും സ്വന്തം നാടുകളിലേക്ക് മടങ്ങി. ശേഷിക്കുന്നവരാണ് ലോക്ക് ഡൗൺ ദുരിതത്തിൽ കുടുങ്ങി താമസ കേന്ദ്രങ്ങളിൽ കഴിയുന്നത്.

ഞായറാഴ്ചകളിൽ മാത്രമായിരുന്നു മുമ്പ് തൊഴിലാളികൾ പൂർണ്ണമായും താമസ കേന്ദ്രങ്ങളിൽ ചിലവഴിച്ചിരുന്നത്. സാധാരണ പുലർച്ചെ ജോലിക്ക് പോകുന്ന തൊഴിലാളികൾ ഇരുൾ പരക്കുമ്പോഴാണ് മടങ്ങിയെത്തിയിരുന്നത്. ചെറിയ മുറികളിൽ പത്തിലേറെ പേർ താമസിക്കുന്ന സ്ഥലങ്ങളുമുണ്ട്. ശുചിമുറി, അടുക്കള തുടങ്ങിയവയുടെ അസൗകര്യങ്ങളും ശുചിത്വ കുറവും ഏതാണ്ടെല്ലാ താമസ കേന്ദ്രങ്ങളിലുമുണ്ട്. ഷീറ്റ് പാകിയ താമസ സ്ഥലങ്ങളിൽ കനത്ത ചൂടിൽ വെന്തുരികയാണ് പലരുടെയും താമസം.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ എല്ലാവർക്കുമുള്ളതിനാൽ മുഴുവൻ സമയവും മൊബൈൽ ഫോണിന്റെ സംഗീതവും നവമാദ്ധ്യമങ്ങളുമായി കഴിഞ്ഞ് കൂടുകയാണിവർ. ഉത്തരേന്ത്യൻ ശൈലിയിലുള്ള ഭക്ഷണം പാചകം ചെയ്യുന്നത് മാത്രമാണ് ഏക ജോലി. പാചകവും ഭക്ഷണവും കഴിഞ്ഞാൽ പകലുറക്കം പതിവാക്കിയവരുമുണ്ട്. ടെലിവിഷൻ അപൂർവം ചില കേന്ദ്രങ്ങളിൽ മാത്രമേയുള്ളൂ. ഇടയ്ക്കൊക്കെ നാട്ടിലേക്ക് വിളിക്കും. അവിടുത്തെ കാര്യങ്ങൾ തിരക്കും. പണിയില്ലാതായതോടെ വീട്ടിലേക്ക് പണം അയയ്ക്കാൻ കഴിയാത്തതിനറെ സങ്കടം മിക്കവർക്കുമുണ്ട്. ഭക്ഷ്യ ധാന്യങ്ങളുമായി സർക്കാരും വിവിധ സന്നദ്ധ സംഘടനകളും പൊലീസും ഒപ്പം നിന്നതിനാലാണ് ഇവർ പട്ടിണിയാകാതെ കഴിയുന്നത്. ക്യാമ്പുകളിൽ പൊലീസ് നിരീക്ഷണം ശക്തമാണ്. ഏത് വിഷയത്തിലും അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണാൻ ഓരോ താമസകേന്ദ്രത്തിലും ചുമതലക്കാരായ പൊലീസ് ഉദ്യോഗസ്ഥരുണ്ട്.