photo

കൊല്ലം: ലോക് ഡൗണിന്റെ അവധി ദിനങ്ങൾ കവിതകളിലൂടെ സഞ്ചരിക്കുകയാണ് സന്ദീപ് കോട്ടേക്കുന്നിലെന്ന ചെറുപ്പക്കാരൻ. വായിച്ചു തീർത്തത് പത്തിലധികം കവിതാ പുസ്തകങ്ങളാണ്. എഴുതിക്കൂട്ടിയത് ഇരുപതിൽപ്പരം കവിതകളും. ലോക് ഡൗൺ തീരുമ്പോഴേക്കും ഒരു പുസ്തകം ഇറക്കണമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയുമുണ്ട്. കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ വിപ്ളവത്തിന്റെ ചൂരും ചൂടുമായി നാടിന്റെ വിശപ്പകറ്റാനും സേവനങ്ങൾക്കുമായി ഓടിനടക്കുമ്പോഴും സന്ദീപിന്റെ ചുണ്ടിലെപ്പോഴും ഒരു കവിത മൂളുന്നുണ്ടാകും.

എഴുകോൺ ഇടയ്ക്കിടം കോട്ടേക്കുന്ന് പൊരുകണ്ണിവിള വീട്ടിൽ പരേതനായ സി.അശോകന്റെയും കെ.ഇന്ദിരയുടെയും മകനായ സന്ദീപിന്(33) കവിതകളോടുള്ള താത്പര്യം അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയ കുട്ടിക്കാലത്തേ തുടങ്ങിയിരുന്നു. ചങ്ങമ്പുഴക്കവിതകളോടായിരുന്നു ആദ്യമൊക്കെ പ്രിയം. പിന്നെയത് കുമാരനാശാനിലേക്കും കടമ്മനിട്ടയിലേക്കും ചേക്കേറി. ബിരുദവും ഡി.എഡും പാസായി ട്യൂട്ടോറിയൽ കോളേജിലെ അദ്ധ്യാപക വേഷമിട്ടു. എഴുകോൺ ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെയും അദ്ധ്യാപകനാണ്. കവിതയും കഥയും ചേർത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് സന്ദീപിന്റെ ക്ളാസിനോട് വല്ലാത്ത അടുപ്പമാണ്. വീട്ടിലെത്തിയാൽ കവിതയുടെ രണ്ട് വരികളെങ്കിലുമെഴുതാതെ ഉറങ്ങാനാകില്ല. എഴുതിപ്പൂർത്തിയാക്കുമ്പോൾ സഹോദരങ്ങൾ സന്ധ്യയെയും സനൂപിനെയും അനന്തരവൾ മൃണാളിനിയെയും വായിച്ച് കേൾപ്പിക്കും. അളിയൻ ജി.കെ.രാജേന്ദ്രനും സന്ദീപിന്റെ എഴുത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. കൂട്ടുകാർക്കിടയിലും 'വലിയ' കവിയാണ് സന്ദീപ്. പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ളോക്ക് കമ്മിറ്റി അംഗവുമായ സന്ദീപിന്റെ കവിതകൾ പുസ്തകമാക്കാൻ കൂട്ടുകാരും തയ്യാറെടുക്കുകയാണ്. നാട്ടിൽ പച്ചപ്പ് പടർത്താനും കലാസാഹിത്യ പ്രവർത്തനങ്ങളിലും നേതൃനിരയിൽ സന്ദീപ് എന്നുമുണ്ട്. അതുകൊണ്ടുതന്നെ കോട്ടേക്കുന്ന് ഗ്രാമത്തിന്റെ കവിയുടെ പുസ്തകം കാത്തിരിക്കുകയാണ് ഇവിടുത്തെ ഓരോ അക്ഷര സ്നേഹികളും.