കരുനാഗപ്പള്ളി: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെഡി ചെയിൻ വഴി ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച് തുടങ്ങി. ലഭ്യമല്ലാത്ത അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ആവശ്യക്കാർക്കെത്തിച്ചു നൽകുന്നതിന്റെ ഭാഗമായാണ് തഴവാ കുറ്റിപ്പുറം പ്രകൃതി ആയുർവേദ ആശുപത്രിയിൽ നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള മരുന്നുകൾ വൈറ്റ്ഗാർഡ് മെഡിചെയിൻ വഴി അയച്ചത്. ആശുപത്രി എം.ഡി ഡോ. ഷെഫി താഷ്കന്റിൽ നിന്നും മുസ്ലിം ലീഗ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ട്രഷറർ ചിറ്റുമൂല യൂനുസ് മരുന്നുകൾ ഏറ്റു വാങ്ങി. പന്മന ഗ്രാമ പഞ്ചായത്ത് മുൻ അംഗം എ.എം. നൗഫൽ, മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഹിഷാം സംസം, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷാ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ബി. ഷമീർ, സുബൈർ ഇയാവിള എന്നിവർ പങ്കെടുത്തു.