കൊല്ലം: 'പാലിയേറ്റീവ് പിള്ളച്ചേട്ടന്' ലോക്ക് ഡൗൺ കാലത്തും വിശ്രമത്തിന് സമയമില്ല. രോഗികൾക്ക് വേദനസംഹാരികൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സൗജന്യമായി വീടുകളിലെത്തിക്കാൻ ആംബുലൻസിൽ പറക്കുകയാണ് അദ്ദേഹം.
കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് സി.ഇ.ഒയും സെക്രട്ടറിയുമായ എൻ. മോഹനൻ പിള്ളയാണ് നാട്ടുകാർക്കിടയിൽ പാലിയേറ്റീവ് പിള്ളച്ചേട്ടൻ എന്ന പേരിൽ അറിയപ്പെടുന്നത്. ട്രസ്റ്റിന്റെ ലീഗൽ അഡ്വൈസർ കല്ലൂർ കൈലാസ് നാഥും സാരഥിയായി സുനിലും എപ്പോഴും പിള്ളച്ചേട്ടനോടൊപ്പമുണ്ടാകും.
നങ്ങ്യാർകുളങ്ങര മുതൽ പാരിപ്പള്ളി വരെയുള്ള പതിനായിരത്തിലേറെ കാൻസർ രോഗികളാണ് ട്രസ്റ്റിൽ ഇന്നോളം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പകുതിയിലധികവും കിടപ്പുരോഗികളായ നിരാലംബരാണ്. ഡോക്ടർമാരായ കമലാസനൻ, നാരായണക്കുറുപ്പ്, ജയകുമാർ, റാണി ശാന്തകുമാരി, രാധാബായി, സി.എസ്. ചിത്ര, ജയശ്രീ, സാറാമ്മ മാമ്മൻ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് ഇവർക്ക് മരുന്നുകൾ എത്തിച്ച് നൽകുന്നത്.
വിവിധ മേഖലകളിൽ നിന്ന് വിരമിച്ച എം.കെ. അപ്പു, അൽഫോൺസ്, രമേശൻ, ലക്ഷ്മിക്കുട്ടി, ഗംഗ, പ്രൊഫ. ലൈല, സരസ്വതി, ജസ്സി, ബീന, ഗൗരി, ശ്രീദേവി, ഷൈനി തുടങ്ങിയവരുടെ നീണ്ടനിര ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്. ലക്ഷ്മി നാരായണനാണ് പബ്ളിക് റിലേഷൻസ് ഓഫീസർ.
ആർ.സി.സി നൽകുന്ന പരിശീലന പരിപാടികളിലും ട്രസ്റ്റിന്റെ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. അഭ്യുദയ കാംക്ഷികളുടെ സഹായം കൊണ്ടാണ് ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്.
ട്രസ്റ്റിന്റെ മറ്റ് സേവനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് വിവിധ ബോധവത്ക്കരണ ക്ലാസുകൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. രോഗികളായവർ നേരിടേണ്ടി വരുന്ന നിയമപ്രശ്നങ്ങൾക്ക് സൗജന്യ സഹായവുമായി കൈലാസ് നാഥിന്റെ നേതൃത്വത്തിൽ ലീഗൽ വിംഗും സജീവമായി പ്രവർത്തിച്ചുവരുന്നു. കൊല്ലം ചിന്നക്കടയിലെ ഡോ. റാണീസ് ക്ലിനിക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന മരുന്നുവിതരണം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നുണ്ട്.
ട്രസ്റ്റിന്റെ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ പ്രക്ഷേപണം ഉടൻ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഡോക്ടർമാരുടെ സേവനങ്ങൾക്ക് ബന്ധപ്പെടാം
കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനങ്ങൾ ടെലികാൾ വഴിയും വാട്ട്സ് ആപ്പ് വഴിയും ലഭ്യമാണ്. ഫോൺ: 9446293571