ചവറ: കരുനാഗപ്പള്ളി താലൂക്കിന്റ വിവിധ ഭാഗങ്ങളിലായി എക്സൈസ് നടത്തിയ റെയ്‌ഡുകളിൽ ആയിരത്തിഅഞ്ഞൂറ് ലിറ്റർ കോടയും 12 ലിറ്റർ ചാരായവും പിടികൂടി. 11കേസുകളിലായി 9പേർ അറസ്റ്റിലായി. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസും റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കുലശേഖരപുരം, പാവുമ്പ, ക്ലാപ്പന, തൊടിയൂർ ആര്യൻ പാടം, വെളുത്തമണൽ, ചവറ നീലേശ്വരംതോപ്പ്, ആലപ്പാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. കൂടാതെ കഞ്ചാവ് കേസുകളിൽ അയണിവേലിക്കുളങ്ങര സ്വദേശികളായ പുത്തൻവീട്ടിൽ ടോം ജോസ്, കോമളത്തു വീട്ടിൽ അഖിൽ, ആലപ്പാട് ചള്ളിയിൽ വീട്ടിൽ ദീപക്, പടനായർകുളങ്ങര വടക്കു ആരാധനയിൽ ആനന്ദ് എന്നിവരെയും അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭിക്കാതെ ശാരീരിക, മാനസിക പ്രശ്നങ്ങൾ നേരിട്ട രണ്ടു പേരെ ലഹരി മോചനകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. ലോക് ടൗണിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
മുപ്പത് ലിറ്റർ കോടയും വാറ്റ്
ഉപകരണങ്ങളും പിടികൂടി
ശാസ്താംകോട്ട: ശൂരനാട് പൊലീസ് നടത്തിയ പരിശോധനയിൽ ശൂരനാട് വടക്കുനിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് വടക്ക് പടിഞ്ഞാറ്റ മുറി പാറ്റൂരയ്യത്ത് വീട്ടിൽ ശിവരാമനെ (55) പൊലീസ് പിടികൂടി. ശൂരനാട് ,ശൂരനാട് വടക്ക്, പോരുവഴി എന്നീ മേഖലകൾ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇടയ്ക്കാട് നിന്ന് 3 ലിറ്റർ ചാരായവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. സി.ഐ ഫിറോസ്, എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐമാരായ ചന്ദ്രമോൻ , പ്രദീപ്, വനിതാ സിവിൽ ഓഫീസർ ജാസ്മിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.