ഓച്ചിറ: ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വവ്വാക്കാവിലും ഓച്ചിറയിലും അഴുകിയ മത്സ്യം പിടികൂടി കുഴിച്ചുമൂടി. താലൂക്കിലെ വിവിധ കമ്മിഷൻ കടകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന അഴുകിയതും രാസവസ്തു കലർത്തിയതുമായ മത്സ്യമാണ് നശിപ്പിച്ചത്. വവ്വാക്കാവിൽ നൂറ്റിനാല്പത് പെട്ടികളിലായി 4200 കിലോ അഴുകിയ മത്സ്യമാണ് പിടികൂടിയത്.
വവ്വാക്കാവ് മുസ്ലിം പള്ളിക്ക് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. മംഗലാപുരത്ത് നിന്ന് കമ്മിഷൻ കടകളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിതെന്നും അവർ സ്വീകരിക്കാത്തതിനെ തുടർന്നാണ് വാഹനം നിറുത്തിയിട്ടിരുന്നതെന്നും ഡ്രൈവർ പറഞ്ഞു. ജില്ലാ നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മുരളി, കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസർ മാനസ, ഫിഷറീസ് സബ് ഇൻസ്പെക്ടർ രമ്യ നായർ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐമാരായ അഷറഫ്, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യം കയറ്റിവന്ന വാഹനം പിടികൂടിയത്. അഴുകിയ മത്സ്യം പരിശോധനയ്ക്ക് ശേഷം കുഴിച്ച് മൂടി.
വലിയകുളങ്ങര ചന്തയിൽ നിന്ന് അഴുകിയ മത്സ്യം പിടികൂടി
ഓച്ചിറ വലിയകുളങ്ങര ചന്തയിൽ നിന്ന് അഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. അമ്പത് കിലോയോളം വരുന്ന മത്തിയാണ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയിലും ഇവിടെനിന്നും അഴുകിയ മത്സ്യം പിടികൂടിയിരുന്നു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഓച്ചിറ സി.എെ ആർ. പ്രകാശിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് മത്സ്യം പിടികൂടിയത്.