കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കണിയാംകടപള്ളി പുരയിടത്തിൽ വ്യാജചാരായം നിർമ്മിക്കുന്നതിനിടെ യുവാക്കൾ പിടിയിലായി. ജാക്സൺ, അരുൺ എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 40 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
ശക്തികുളങ്ങര സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സംഘം പള്ളി പുരയിട ഭാഗത്ത് പരിശോധനയ്ക്ക് എത്തിയത്. ഈ സമയം ഗ്യാസ്സ്റ്റൗ ഉപയോഗിച്ച് ജാക്സണും അരുണും ചേർന്ന് വ്യാജചാരായം നിർമ്മിക്കുകയായിരുന്നു.
സി.ഐ എസ്.ടി ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, സലീം, എ.എസ്.ഐ സജിത്ത്, സി.പി.ഒമാരായ ഉഷ, സനീഷ, ശ്രീലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.