പാരിപ്പള്ളി: 'സജിത്തേട്ടന്റെ ജീവിതം കാണാതെ പോകരുത്, എന്തെങ്കിലും ഉടൻ ചെയ്യണം'. പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കീർത്തന എസ്.പി.സി സി.പി.ഒ സുഭാഷ് ബാബുവിനെ ഫോണിൽ വിളിച്ച് പറഞ്ഞു. കിടപ്പുരോഗിയായ സജിത്ത് എന്ന മുപ്പത്തിരണ്ടുകാരന് സഹായമെത്തിക്കാൻ സ്കൂളിലെ എസ്.പി.സി നേതൃത്വത്തിന് പ്രേരണയായത് ആ ഫോൺ വിളിയായിരുന്നു.
പാരിപ്പള്ളി ഇ.എസ്.ഐ വാർഡിലെ ലോഡിംഗ് തൊഴിലാളിയായ സജിത്ത് കിടപ്പിലായിട്ട് രണ്ടര വർഷത്തോളമായി. സിമന്റ് ചാക്ക് വീണ് നട്ടെല്ല് തകർന്നതോടെ ഇയാളുടെ ജീവിതം ദുരിതപൂർണമായി മാറുകയായിരുന്നു. അരയ്ക്ക് താഴെ തളർന്ന സജിത്തിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. മകൾ കൃഷ്ണയ്ക്ക് ഇപ്പോൾ രണ്ടര വയസായി. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഇയാൾ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ താമസം.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മരുന്നും ഭക്ഷ്യവസ്തുക്കളും ലഭിക്കാതായതോടെ സജിത്തിന്റെയും കുടുംബത്തിന്റെയും ദുരിതം കൂടുതൽ സങ്കീർണമായി. വിവരമറിഞ്ഞ സജിത്തിന്റെ സമീപവാസിയും പാരിപ്പള്ളി അമൃത സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായ കീർത്തന ഉടൻ തന്നെ സ്കൂളിലെ എസ്.പി.സി അധികൃതരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ജനമൈത്രി പൊലീസുകാരായ സുധീർ, നൗഷാദ്, സി.പി.ഒ സുഭാഷ് ബാബു, പി.ടി.എ അംഗം സുദർശനൻ, എസ്.പി.സി കേഡറ്റ് അഭിഷേക് എന്നിവർ കീർത്തനയോടൊപ്പം മരുന്നും അവശ്യസാധനങ്ങളുമായി സജിത്തിന്റെ വീട്ടിലെത്തി. സജിത്തിന്റെ മക്കൾക്ക് കളിപ്പാട്ടങ്ങൾ ഉൾപ്പെടെ നൽകിയാണ് കേഡറ്റുകൾ മടങ്ങിയത്.