എഴുകോൺ: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിൽ വലഞ്ഞ അമ്മയ്ക്കും മകനും സഹായവുമായി അഗ്നിരക്ഷാസേനയെത്തി. പരുത്തംപാറ ചരുവിള വീട്ടിൽ സാവിത്രിക്കും (75) മകൻ രഘുവിനുമാണ് (50) കുണ്ടറ അഗ്നിശമന സേനാംഗങ്ങൾ തുണയായത്. മസ്തിഷ്കാഘാതം വന്ന് തളർന്ന് കിടപ്പിലായ രഘുവിന് മരുന്നുമായി എത്തിയപ്പോഴാണ് കുണ്ടറ ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ഇവർ പട്ടിണിയിലാണെന്ന വിവരം അറിയുന്നത്. ഇവർ തിരിച്ച് ഓഫീസിലെത്തി മറ്റ് സേനാംഗങ്ങളുമായി ചർച്ച നടത്തി സ്വരൂപിച്ച പണം കൊണ്ട് പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങളും 5000 രൂപയും വീട്ടിൽ എത്തിച്ചു. ആറു വർഷങ്ങൾക്കു മുൻപ് മസ്തിഷ്കാഘാതം സംഭവിച്ച് കിടപ്പിലായ രഘുവിന് അമ്മ മാത്രമാണ് ആശ്രയം. സാവിത്രിക്കും മസ്തിഷ്കാഘാതമുണ്ടായിട്ടുണ്ട്. ഇതിന് പുറമേ കണ്ണിന് ശസ്ത്രക്രിയ നടത്തിയതിനും പ്രമേഹത്തിനും മരുന്നുകൾ കഴിച്ച് വരുകയാണ്. ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത് സുമനസുകൾ നൽകിയ കുറച്ച് അരിയല്ലാതെ മറ്റൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇത് പാകം ചെയ്ത് ഉപ്പുംകൂട്ടി കഴിച്ചുവരുകയായിരുന്നു ഇരുവരും. സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് ഓഫീസർമാരായ മിഥിലേഷ് കുമാർ, അരുൺ രാജ്, സഞ്ജയൻ, പ്രമോദ്, ബിനുലാൽ എന്നിവർ ഇവരുടെ വീട് അന്വേഷിച്ച് എത്തിയത്. പുത്തൂർ ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ വാങ്ങി ഇവർക്ക് നൽകി. ദിവസവും നിരവധി കുടുംബങ്ങൾക്കാണ് കേരള ഫയർ ആൻഡ് റെസ്‌ക്യൂ സംഘം മരുന്നുകൾ വാങ്ങി വീട്ടിലെത്തിച്ച് നൽകുന്നത്.