പത്തനാപുരം: വനത്തിനുള്ളിലെ പിടിയാന വായിൽ വ്രണവുമായി ആഹാരവും വെള്ളവും കഴിക്കാനാകാതെ അവശനിലയിൽ. പത്തനാപുരം റേഞ്ചിലെ അമ്പനാർ സെക്ഷനിലെ കോട്ടക്കയം വനത്തിലെ ചതുപ്പിനോട് ചേർന്നാണ് പിടിയാനായെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വായിലുണ്ടായ വലിയ വ്രണം പൊട്ടി ചോരയും പഴുപ്പും വരുന്നുണ്ട്. വേദന കാരണം തീറ്റയും വെള്ളവും കഴിക്കാനാകാത്ത ദയനീയാവസ്ഥയിലാണ് ഉദ്ദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പിടിയാന. ദിവസങ്ങളായി തീറ്റയില്ലാത്തതിനാൽ വളരെ അവശനിലയിലാണ്. സാധാരണ കാട്ടാനക്കൂട്ടം എത്തുന്ന പ്രദേശമായതിനാൽ ആദ്യ ദിവസങ്ങളിൽ പിടിയാനയെ നാട്ടുകാർ കണ്ടെങ്കിലും കാര്യമാക്കിയില്ല. ആന ഇവിടം വിട്ട് പോകാത്തത് ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസിലായത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച രാവിലെ ഡെപ്യൂട്ടി റേഞ്ചർ സനിൽ, ഫോറസ്റ്റർമാരായ ശശിധരൻ, റെജി എന്നിവരെത്തി ആനയെ നിരീക്ഷിച്ച ശേഷം വെറ്ററിനറി ഡോക്ടറെ എത്തിച്ച് ചികിത്സ തുടങ്ങി. പന്നിപ്പടക്കം കടിച്ചോ മരക്കുറ്റി കൊണ്ടോ വായിൽ വ്രണം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് മയക്കുവെടി വച്ച് ആനയെ മയക്കിയ ശേഷം കൂടുതൽ പരിശോധന നടത്തി വേണ്ട ചികിത്സ നല്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആനയുടെ വായിൽ വ്രണം ഉണ്ടായ സാഹചര്യത്തിൽ മൃഗവേട്ടക്കാരെ കുറിച്ചും അന്വഷണം നടക്കുന്നുണ്ട്.