പുനലൂർ: തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഐഷാപാലത്തിന് സമീപത്തെ താമസക്കാരായ 6 പേരെ കാട്ട്തേനീച്ച കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉറുകുന്ന് ഐഷാപാലത്തിന് സമീപം പാറവിൽ വിട്ടിൽ ഷൈജലയെയാണ് (51) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഷംലാ മൻസിലിൽ കദീജാ ബിവി, സമീപവാസികളായ സജീന, ബാബുജാൻ, ശശി തുടങ്ങിയവർക്കാണ് കുത്തേറ്റത്. ഇവർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. റെയിൽവേ ട്രാക്ക് കടന്ന് പോകുന്ന ഐഷാപാലത്തിന് അടിയിൽ കൂട് വച്ചിരുന്ന കാട്ടു തേനീച്ചകളാണ് സമീപ വാസികളെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ തെന്മല ഫോറസ്റ്റ് റെയ്ഞ്ച് ഒാഫീസർ എം. അജീഷിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.