കൊല്ലം: അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗണിൽ തറികൾ ചലനമറ്റ് കൈത്തറി തൊഴിലാളികളുടെ ജീവിത നൂലിഴയും പൊട്ടുകയാണ്. നെയ്തവ വിറ്റ് അരി വാങ്ങാനാവുന്നില്ല. പുതിയ നെയ്ത്തിന് നൂലും ചായവും കിട്ടുന്നില്ല.
സ്കൂൾ യൂണിഫോം തുന്നൽ കിട്ടിയതോടെ കൈത്തറി മേഖല ഉയർത്തേഴുന്നേറ്റതാണ്. തൊഴിൽ ഉപേക്ഷിച്ചവരെല്ലാം വീണ്ടും കൈത്തറി സംഘങ്ങളിലെത്തി. പക്ഷെ ഇപ്പോൾ നാല് മാസത്തെ കൂലി കുടിശിക കിട്ടാനുണ്ട്. കൂലി എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ നെയ്ത്ത് തുടർന്നതാണ്. പക്ഷെ ലോക്ക് ഡൗൺ വന്നതോടെ എല്ലാ സ്വപ്നങ്ങളും തകർന്നു. അടഞ്ഞു കിടക്കുന്ന സംഘങ്ങളിലെ പണി തീരാത്ത തുണികളിൽ മാറാല നിറഞ്ഞു. വീടുകളിൽ നെയ്യുന്നവരുടെ സ്ഥിതിയും സമാനമാണ്.
കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 750 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഭൂരിഭാഗം തൊഴിലാളികളും ക്ഷേമനിധിയിൽ അംഗങ്ങല്ല. അരി വാങ്ങാൻ ചെയ്ത ജോലിയുടെ കൂലിയെങ്കിലു നൽകണമെന്നാണ് കൈത്തറി തൊഴിലാളികൾ പറയുന്നത്.
''
നാല് മാസത്തെ കൂലി കുടിശിക എത്രയും വേഗം വിതരണം ചെയ്യണം. ക്ഷേനിധിയിൽ അംഗങ്ങളല്ലാത്ത നെയ്ത്തുകാർക്കും സർക്കാർ ലോക്ക് ഡൗൺ സാമ്പത്തിക സഹായം അനുവദിക്കണം.
വി.എസ്. പ്രിയദർശൻ
മുള്ളുവിള കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം പ്രസിഡന്റ്