കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഒരു സ്വപ്നം ലോക്ക് ഡൗൺ കാലത്ത് സഫലമായി. കുണ്ടറയിലെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കശുമാവ് വിളഞ്ഞു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കൂടിയായ ഭർത്താവ് ബി.തുളസീധരക്കുറുപ്പ് കശുമാമ്പഴം പറിച്ചെടുത്ത് ഭാര്യയ്ക്കു നൽകി. വീട്ടുവളപ്പിലെ പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മേഴ്സിക്കുട്ടി അമ്മ.
തുളസീധരക്കുറുപ്പിന് പറയുന്നു : "ഒരു വർഷം മുമ്പ് അയാൾ (മേഴ്സിക്കുട്ടിയമ്മ) കേന്ദ്രസർക്കാർ ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്റെ മംഗലാപുരത്തെ സെന്റർ സന്ദർശിച്ചിരുന്നു. എച്ച്-130 എന്ന അത്യുത്പാദന ശേഷിയുള്ള അഞ്ച് കശുമാവിൻ തൈകൾ അവർ മന്ത്രിക്ക് സമ്മാനമായി നൽകി. അയാൾ തന്നെയാണ് അത് വീട്ടുവളപ്പിൽ നട്ടത്. അയാളുടെ തിരക്കുകൾ കാരണം പരിപാലനമെല്ലാം ഞാനും മക്കളും ഏറ്റെടുത്തു. നന്നായി ശ്രദ്ധിച്ചു. അല്ലെങ്കിൽ ഇലയെല്ലാം പുഴുവെടുത്തു പോയേനെ."