c
നമുക്കുമെന്തേ, ഗ്രീസിനെപ്പോലെ ആയിക്കൂടാ?

അങ്ങ് ദൂരെ ദേശത്തൊരു നാടോടിക്കഥയുണ്ട്. 'കൊയ്ത്തില്ലാത്ത കാല'മെന്നാണ് കഥയുടെ പേര്. ഗ്രീസാണാ ദേശം. പക്ഷേ ആകഥ വെറുമൊരു നാടോടിക്കഥയല്ല. രാജകൊട്ടാരവുമായി ബന്ധപ്പെട്ടൊരു കഥയാണ്. പണ്ട് പണ്ട് ഈ വസ്തുവകകളെല്ലാം രാജാക്കന്മാരുടേതായിരുന്നല്ലോ. കൃഷി ചെയ്യാൻ രാജാവാണ് കരം തീരുവയായി ഭൂമി നാട്ടാർക്ക് കൊടുത്തിരുന്നത്. രാജാവിന് കരം കൊടുക്കേണ്ടതിനാൽ കൊയ്ത്തും കൃഷിയെടുപ്പും കൃത്യമായിരിക്കും. അല്ലെങ്കിൽ തല പോകുന്ന കാര്യമാണേ.ആറുമാസം കൂടുമ്പോഴായിരുന്നു വിളവെടുപ്പ്. ഒരു വിളവെടുപ്പ് കാലം വന്നിട്ടും ജനം കൊയ്യുന്നില്ല. നാട്ടിലാകെ അമ്പരപ്പായി. കവലകളിലാകെ ചർച്ചയായി. ജന്മിമാരാണ് കൊയ്യാനും വിളവെടുക്കാനും അനുമതി നൽകേണ്ടതും കരംപിരിച്ച് കൊടുക്കേണ്ടതും. ഒടുവിൽ അവരെല്ലാം ആ സത്യമറിഞ്ഞു. ഇക്കുറി കൊയ്ത്തും വിളവെടുപ്പുമെല്ലാം കൊട്ടാരം നേരിട്ട് നടത്തും. കാരണമറിയേണ്ടേ ? കൊട്ടാരത്തിലെ പൊന്നും പണ്ടവും പത്തായപ്പുരകളുമെല്ലാം കഴിഞ്ഞ മാസത്തെ യുദ്ധത്തിൽ കൊള്ളയടിക്കപ്പെട്ടു. ഇനി പഴയ പടി കൊട്ടാരത്തിന് നാടുഭരിക്കണമെങ്കിൽ എല്ലാം തിരികെ പിടിക്കണം. കൊട്ടാരത്തിലെ സ്ഥിതി രാജാവ് ജന്മിമാരെയും മുന്തിയ കൃഷിക്കാരെയും അറിയിച്ചപ്പോൾ ജനം രാജാവിനോട് അങ്ങോട്ട് പറഞ്ഞുവത്രെ. ഞങ്ങടെ സമ്പാദ്യങ്ങളൊക്കെ വീട്ടിലുണ്ട്. അത് അങ്ങ് കാത്തതുകൊണ്ടാണ് ഞങ്ങൾക്ക് സുരക്ഷ കിട്ടിയതും കൊട്ടാരത്തിലെ സ്വത്തെല്ലാം പോയതും. അതിനാൽ ഇക്കുറി കൊയ്ത്തും കൃഷിയും ഞങ്ങൾ പൂർണമായും കൊട്ടാരത്തിന് നൽകുന്നു. നേരിട്ട് വിളവെടുത്ത് അങ്ങ് പഴയപടി ഭരിച്ചാലും. അടുത്ത കൊയ്ത്ത് ഉടൻ വരില്ലേ, ഞങ്ങൾക്ക് അതുമതി.
ഇതൊരു കഥമാത്രമല്ല. ഒരു ദേശവും അവിടത്തെ ഭരണവും ഉത്തരവാദിത്വവുമെല്ലാം ഇതിലുണ്ട്. മഹാമാരിയാണ് കൊവിഡ്- 19. അനേകായിരങ്ങൾ ലോകത്ത് മരിച്ചുവീഴുന്നു. അങ്ങനെ നമ്മുടെ ആളുകൾ കൂട്ടമായി മരിച്ചുവീഴാതിരിക്കാൻ നാടിനുവേണ്ടിയാണ് ലോക്ക് ഡൗൺ തുടരുന്നത്. സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത അനേകായിരങ്ങൾക്ക് തൊഴിലെടുക്കാനാവുന്നില്ല. അവരെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ സാലറി ചലഞ്ചുമായി വന്നിരിക്കുന്നത്. അതിനെ രാഷ്ട്രീയ നിറം നോക്കി വെല്ലുവിളിക്കാമോ.? അതിൽ രാഷ്ട്രമോ , രാഷ്ട്രമീമാംസയോ, ശരിയോ ഉണ്ടോ. പെരുമഴയും കത്രീനക്കാറ്റും ഓഖിയുമൊക്കെ വന്നാലും മാസാമാസം കൃത്യമായി ശമ്പളം കിട്ടുന്നവരല്ലേ നമ്മൾ സർക്കാർ ഉദ്യോഗസ്ഥർ. പക്ഷേ നിത്യേന കൂലിപ്പണിയെടുത്ത്, ചുമടെടുത്ത്, കശുഅണ്ടി തൊലിച്ച്, തഴപ്പായ ഉണ്ടാക്കി, തടിയിൽ ചിന്തേരിട്ട്, ആട്ടോറിക്ഷയോടിച്ച് ജീവിക്കുന്ന അനേകായിരങ്ങളില്ലേ ഇവിടെ. അവർക്കുകൂടി നാം അന്നം നൽകേണ്ടതല്ലേ. അവർക്ക് അന്നന്നുള്ള ജോലി മാത്രമാണ് അന്നം. ഉണ്ണുന്നവർ അറിയുമോ ഉണ്ണാത്തോന്റെ വിശപ്പ്. അവരുടെ വിശപ്പ് തത്കാലത്തേയ്‌ക്കെങ്കിലും ഒന്നു ശമിപ്പിക്കാനാണ് സർക്കാർ ഒരു മാസത്തെ ശമ്പളം ചോദിച്ചത്. അതും ഒറ്റയടിയ്ക്കല്ല. ചെറിയ ഗഡുക്കളായി മാത്രം. അതിനും രാഷ്ട്രീയ നിറം നോക്കുമ്പോൾ ഈ നാടെങ്ങനെ രക്ഷപ്പെടും ? എന്ത് മൂല്യമാണ് ഇതിലൂടെ ഉറപ്പാക്കാനാവുക ?
മഹാമാരി പോലൊരു പ്രളയം വന്ന് മടങ്ങിയിട്ടേയുള്ളു. അന്നും സർക്കാർ സാലറി ചോദിച്ചു. സർക്കാരിനോട് സഹകരിച്ചവരുടെ കണക്ക് ദാ ഇങ്ങനെയാ. 40 ശതമാനം ഉദ്യോഗസ്ഥരും കൊടുത്തില്ല. (പക്ഷേ പലരും ലക്ഷങ്ങൾ ആശുപത്രിയിൽ കൊടുത്തു). ഗസറ്റഡ് ഉദ്യോഗസ്ഥർ 79.08 ശതമാവും നോൺ ഗസറ്റഡ് 79.55 ശതമാനവും സഹകരിച്ചു. സെക്രട്ടേറിയേറ്റ് ജീവനക്കാരാകട്ടെ 85.64 ശതമാനം പേരും കൊടുത്തു. സർവകലാശാല, മുനിസിപ്പാലിറ്റി, പി.എസ്.സി ജീവനക്കാർ യഥാക്രമം 65.40, 79.11, 61.97 ശതമാനവും സർക്കാരിനോട് സഹകരിച്ചു. മുന്തിയ ശമ്പളം വാങ്ങുന്ന സർക്കാർ കോളേജിലെ അദ്ധ്യാപകരാകട്ടെ 43.41 ശതമാനം പേരേ സഹകരിച്ചുള്ളു. എയ്ഡഡ് കോളേജിലെ അദ്ധ്യാപകരെ നോക്കൂ. കൊടുത്തത് 17.83 ശതമാനം മാത്രവും. തലവരി മാനേജർ വാങ്ങും ശമ്പളം സർക്കാർ കൊടുക്കും. മാസാമാസം കൃത്യമായി സർക്കാരിനെ സഹായിക്കാൻ ഒരു വിഭാഗത്തിന് മുറുമുറുപ്പാണ്. ഇതുപോലെയുള്ള കീറാമുട്ടിയിൽ ഏറ്റവും കൂടുതൽ സഹായിക്കേണ്ടത് ഇത്തരക്കാർ തന്നെയല്ലേ ? ആർക്കും കട്ടുതിന്നാനല്ല ഈ തുകയെന്ന് തിരിച്ചറിയണം. കക്കാൻ വേറെ ഒത്തിരി വഴിയുണ്ടെന്നും ഓർക്കണം. നാടിനുവേണ്ടിയുള്ളതല്ലേ. പാവങ്ങളെയും സാധാരാണക്കാരെയും സഹായിക്കാനല്ലേ. എല്ലാം മറന്ന് നാടിനുവേണ്ടി നിൽക്കേണ്ട നാം ഇതിലും കൊടി നിറം നോക്കിയാൽ ഫലം വിപരീതമായിരിക്കും. ഇക്കുറി നമുക്കൊരു പഴയ ഗ്രീസിനെപ്പോലെ ആയിക്കൂടെ ?
കൊയ്ത്തില്ലാക്കാലമായിക്കൂടെ.....? ആർക്കും വേണ്ടിയല്ല നമ്മളിലെ സാധാരണക്കാർക്കായി.