pho
ഇടമൺ സത്രം ജംഗ്ഷന് സമീപത്തെ ഇറച്ചി സ്റ്റാളിൽ എത്തിയ ജനക്കൂട്ടത്തെ തെന്മല പൊലീസ് ടോക്കൺ നൽകി അകലം പാലിച്ച് നിർത്തിയിരിക്കുന്നു

പുനലൂർ: ലോക്ക് ഡൗണിനിടയിലെ ഈസ്റ്റർ വിഭവങ്ങൾ തീൻ മേശയിലെത്തിക്കാൻ ഇറച്ചിക്കടകൾക്ക് മുന്നിൽ വൻ തിരക്ക്. പലയിടങ്ങളിലും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. പുലർച്ചെ മുതൽ എല്ലായിടത്തും ഇറച്ചിവാങ്ങാനായി നിരവധി പേർ എത്തിയിരുന്നു. പുനലൂർ നഗരസഭയ്ക്ക് പുറമെ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളിലെ ഇരുന്നൂറോളം ഇറച്ചി സ്റ്റാളുകളിലാണ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ എത്തിയത്. ആര്യങ്കാവ്, കഴുതുരുട്ടി, തെന്മല, ഉറുകുന്ന്, ഇടമൺ, കലയനാട്, പുനലൂർ പേപ്പർമിൽ തുടങ്ങിയ സ്റ്റാളുകളിലായിരുന്നു തിരക്ക് കൂടുതൽ.

പല സ്റ്റാളുകളിലും 10 മണിയോടെ ഇറച്ചി തീർന്നിരുന്നു. പിന്നീട് മറ്റ് സ്റ്റാളുകളിൽ നിന്ന് വരുത്തിയാണ് വിൽപ്പന നടത്തിയത്. പുനലൂർ പേപ്പർ മില്ലിന് സമീപത്തെ ഇറച്ചി സ്റ്റാളിൽ എത്തിയവരെ കച്ചവടക്കാർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ തെന്മല സ്റ്റേഷന് പരിധിയിലുള്ള കടകളിലെത്തിയവരെ പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം ടോക്കണുകൾ നൽകി നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിൽ ഏറെയും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മുനിസിപ്പൽ, പഞ്ചായത്ത് പ്രദേശങ്ങളിലെ സ്റ്റാളുകൾ ഈ വർഷം ലേലം ചെയ്തു നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.