കൊല്ലം: കൊവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസിയുടെ ബുദ്ധിമുട്ടുകൾ ചിത്രീകരിച്ച 'പ്രവാസി' ഹ്രസ്വചിത്രം വൈറലായി. ലോക്ക് ഡൗണായതിനാൽ മൊബൈൽ ഫോൺ വഴി കലാകാരന്മാർ അവരവരുടെ വീടുകളിലിരുന്ന് ചിത്രീകരിച്ചാണ് ഹ്രസ്വ ചിത്രമൊരുക്കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളോട് മലയാളികൾ കാട്ടുന്ന അവഗണനയാണ് കഥാതന്തു. കലാദീപം കെ.സി. ഷിബുവാണ് കഥയെഴുതി സംവിധാനം ചെയ്തത്. അഞ്ച് മിനിട്ട് മാത്രമുള്ള ചിത്രത്തിലൂടെ പ്രവാസ ലോകത്തെ ജീവിതവും കഷ്ടപ്പാടുകളും നാട്ടിലെത്തിയപ്പോഴുണ്ടായ ദുരനുഭവങ്ങളും വ്യക്തമാക്കുന്നു. കെ.പി.എ.സി അജീഷ് കൃഷ്ണ, ഋഷി ഗോപാൽ, മനോജ് മനേക്ഷ, അനുരാജ് മാറനാട് എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻനൽകിയത്. ലോക്ക് ഡൗണിന്റെ പരിമിതികൾക്കുള്ളിൽ പൂർത്തിയാക്കിയ ചിത്രത്തിന് ഒറ്റ ദിവസംകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.