c
അന്തിപ്പച്ച വാഹനത്തിൽ നിന്ന് മീൻ വാങ്ങാൻ എത്തിയവരുടെ നീണ്ടനിര. കാവനാട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച

 ലാത്തിയെടുത്ത് കണ്ണുരുട്ടി പൊലീസ്

ഉയർന്നത്

ഇറച്ചിക്കോഴി: 130 - 150 രൂപ

പോത്തിറച്ചി: 350- 400

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആഘോഷത്തിന് വിപണിയിൽ തിരക്കേറി. ഇന്നലെ രാവിലെ മുതൽ സൂപ്പർ മാർക്കറ്റുകൾ, പാൽ - പച്ചക്കറി വിപണന കേന്ദ്രങ്ങൾ, ഉറച്ചിക്കോഴി വിപണശാലകൾ, പോത്തിറച്ചി - മത്സ്യ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ വിൽപ്പനക്കാർ പ്രതീക്ഷിച്ചതിനേക്കൾ കൂടുതൽ ഉപഭോക്താക്കളെത്തി.

ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഇറച്ചിക്കോഴി വില 130 മുതൽ 145 വരെ ഉയർന്നു. സംസ്ഥാനത്തെ ഫാമുകളിൽ ആവശ്യത്തിന് ഇറച്ചിക്കോഴികൾ ഇല്ലാത്തതിനാൽ തമിഴ്നാട്, കർണാടകം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ബ്രോയിലർ കോഴികളെത്തുന്നത്. കേരളത്തിൽ ആവശ്യം വർദ്ധിച്ചതോടെ അവിടെ വില ഉയർത്തുന്നുവെന്നാണ് ജില്ലയിലെ വ്യാപാരികൾ പറയുന്നത്. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ കോഴി ഇറച്ചിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. മുപ്പത് രൂപയിൽ താഴേക്ക് ഇറച്ചികോഴി വില താഴ്ന്നതോടെ നഷ്ടത്തിലായ ഫാമുകൾ പ്രവർത്തനം നിറുത്തുകയും വളർച്ചയെത്താത്ത കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതും ചെയ്‌തിരുന്നു.

ലോക്ക് ഡൗൺ ആരംഭിച്ചതോടെയാണ് പ്രതിസന്ധിയിൽ നിന്ന് ഇറച്ചിക്കോഴി വിപണി തിരികെ കയറിയത്. അതോടെ അമിത വിലയും ചൂഷണവും വർദ്ധിച്ചുവെന്നാണ് പരാതി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യത്തിന് കോഴിത്തീറ്റ ലഭിക്കുന്നില്ലെന്ന പരാതി ഫാം ഉടമകൾക്കും വിൽപ്പനക്കാർക്കുമുണ്ട്. 45 ദിവസം കൊണ്ട് രണ്ടര കിലോയിലേറെ തൂക്കം ലഭിക്കേണ്ട ബ്രോയിലർ കോഴികൾക്ക് തീറ്റയുടെ ദൗർലഭ്യത്താൽ ഒന്നര കിലോ തൂക്കം മാത്രമേ ലഭിച്ചുള്ളുവെന്നും ഇവർ പറയുന്നു. ഇറച്ചികോഴി വ്യവസായത്തിൽ പ്രതിസന്ധികൾ പലതുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികൾ സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.

'അന്തിപ്പച്ച'യിലും പൂരത്തിരക്ക്

ദിവസവും ലോഡ് കണക്കിന് വിഷ മത്സ്യങ്ങൾ പൊലീസ് പിടിച്ചെടുത്ത് തുടങ്ങിയതോടെ പൊതുവിപണിയിലെ മത്സ്യ വിൽപ്പനയിൽ വലിയ ഇടിവുണ്ടായി. ഈസ്റ്റർ തലേന്ന് മത്സ്യഫെഡിന്റെ വിൽപ്പന വാഹനമായ അന്തിപ്പച്ചയ്ക്കായി ഓരോ മേഖലയിലും ജനങ്ങൾ കാത്തുനിന്നു. തട്ടാമല ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സ്ത്രീകളടക്കം നൂറോളം പേർ വരിയായി കാത്ത് നിന്നാണ് മത്സ്യം വാങ്ങിയത്. നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു.

ലോക്ക് ഡൗണിന് മുമ്പ് ശരാശരി മൂന്നുലക്ഷം രൂപയായിരുന്നു മൂന്ന് മൊബൈൽ വാഹനങ്ങളിലെയും ആകെ കച്ചവടം. ഹാർബറുകൾ അടച്ചതോടെ ഇത് പകുതിയായി ഇടിഞ്ഞു. പക്ഷെ ഇന്നലെ കൂടുതൽ മത്സ്യം സംഭരിച്ച് ഇറങ്ങിയതോടെ ആറര ലക്ഷം രൂപയുടെ കച്ചവടമാണ് പത്തോളം കേന്ദ്രങ്ങളിൽ നടന്നത്. എല്ലായിടങ്ങളിലും പൊലീസ് ഇടപെട്ടാണ് ടോക്കൺ നൽകിയത്.

ഈസ്റ്റർ പ്രമാണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്തതിനാൽ കായൽ മത്സ്യങ്ങളായിരുന്നു ഇന്നലെ അധികവും. കാളാഞ്ചി, കരിമീൻ, ചെമ്മീൻ, പൂമീൻ എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. മത്തിയും വില്പനയ്ക്കുണ്ടായിരുന്നു.

വളർത്ത് മത്സ്യങ്ങൾ, പോത്തിറച്ചി എന്നിവയ്ക്കും ആവശ്യക്കാരേറിയിട്ടുണ്ട്. കിലോ 350 രൂപ മുതൽ 400 രൂപ വരെയാണ് പോത്തിറച്ചിക്ക് ഈടാക്കിയത്. നിയന്ത്രണങ്ങളുണ്ടായതിനാൽ അതിർത്തി കടന്ന് പോത്തുകളെ എത്തിക്കാനും കഴിയുന്നില്ല.