sucheekranam
കൊട്ടാരക്കര ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ വൃക്ക രോഗിയായ വയോധികയ്ക്ക് അവശ്യ മരുന്നുകൾ എത്തിച്ചപ്പോൾ

എഴുകോൺ: ലോക്ക് ഡൗൺ ദിനങ്ങളിൽ ആർ.സി.സി ഉൾപ്പടെയുള്ള ആശുപത്രികളിൽ ചികിത്സ തേടുന്ന കാൻസർ രോഗികൾ, വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക്‌ അവശ്യമരുന്നുകൾ എത്തിച്ച് കൊട്ടാരക്കര ഫയർഫോഴ്സ്. ആവശ്യക്കാർ കൊട്ടാരക്കര സ്റ്റേഷനിലെ ഫോണിൽ വിളിച്ച് ദുർലഭമായ മരുന്നുകൾ പറയണം. അല്ലെങ്കിൽ സേനാംഗങ്ങളിൽ ഒരാളുടെ വാട്ട്സ് ആപ്പിലേക്ക് മരുന്നിന്റെ വിവരങ്ങൾ അയച്ച് കൊടുക്കണം. വിവരം വാട്സാപ്പിലൂടെ ശേഖരിച്ച ശേഷം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമിലൂടെ മരുന്നുകൾ ലഭ്യമാകുന്ന സ്ഥലത്തിന് സമീപമുള്ള ഫയർ സ്റ്റേഷനുകളിൽ വിവരം കൈമാറും

മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേകം സജ്ജമാക്കിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് കൊല്ലത്തുള്ളത്. മരുന്നുകൾ വാങ്ങിയ ശേഷം വിവിധ ഫയർ സ്റ്റേഷനുകൾ കൈമാറി കൊട്ടാരക്കര ഫയർ സ്റ്റേഷനിൽ എത്തിക്കും. മരുന്നിന്റെ വില ഓൺലൈൻ വഴി മരുന്ന് വാങ്ങുന്ന സ്റ്റേഷനിലേക്ക് നൽകുകയും ചെയ്യും. മരുന്നുകൾ ലഭ്യമാകുന്ന മുറയ്ക്ക് രോഗിയുടെ കയ്യിൽ മരുന്ന് എത്തിക്കുകയാണ് ചെയ്യുന്നത്.

സഹായം ലഭിച്ചവർ അനവധി

വൃക്കയുടെ തകരാർ മൂലം ക്രിയാറ്റിൻ കൂടുന്ന അവസ്ഥയിൽ മരുന്ന് തീർന്ന ഒരമ്മയ്ക്ക് മരുന്ന് ആവശ്യപ്പെട്ട് 9ന് രാവിലെ 11ന് കൊട്ടാരക്കര ഫയർഫോഴ്സിന് സന്ദേശം ലഭിച്ചിരുന്നു. സന്ദേശം വിവിധ നിലയങ്ങളുടെ പ്രവർത്തനത്തിലൂടെ ക്രോഡീകരിച്ച് വൈകിട്ട് 5 ന് മുമ്പായി മരുന്ന് എത്തിച്ചു നൽകുകയായിരുന്നു.

ഏപ്രിൽ 4ന്‌ പുത്തൂർ പവിത്രേശ്വരത്ത് ഒരു കാൻസർ രോഗിക്ക് മരുന്നു എത്തിച്ചു തുടങ്ങിയതാണ് ഈ സേവനം. നാളിതുവരെ 20 പേർക്കു നേരിട്ടും 15പേർക്ക് മറ്റു സ്റ്റേഷനുകൾ വഴിയും മരുന്ന് എത്തിച്ചു നൽകി. ചില രോഗികളുടെ സാമ്പത്തികാവസ്ഥ മനസ്സിലാക്കി വില ഈടാക്കാതെയും മരുന്നുകൾ നൽകുന്നു.

ശുചീകരണത്തിലും മുന്നിൽ

ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സിവിൽ ഡിഫൻസ് ടീം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ട്രോമാകെയർ ഓപ്പറേഷൻ തീയേറ്റർ ശുചീകരിച്ചു. അത്യാഹിത വിഭാഗത്തിന് മുകളിലത്തെ നിലയിലെ ട്രോമാകെയർ യൂണിറ്റിലെ രണ്ട് ഓപ്പറേഷൻ തീയേറ്ററുകളും അതിനോടു ചേർന്നുള്ള വാർഡുകളും വെള്ളം ഉപയോഗിച്ച് കഴുകുകയും അണുനാശിനി തളിച്ച് അണു വിമുക്തമാക്കുകയും ചെയ്തു.

വിളിക്കൂ......

മരുന്നുകൾക്കായി കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ 0474 2650500 ,101 എന്നീ നമ്പറുകളിൽ ഏതു സമയത്തും വിളിക്കാം.