കൊല്ലം: കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാലും നഗരത്തിൽ ഇപ്പോഴുള്ള അഞ്ച് ജനകീയ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും നിലനിറുത്താനുള്ള ആലോചന നഗരസഭ തുടങ്ങി. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഹോട്ടലുകൾ മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
കടപ്പാക്കട, കൊല്ലം ടൗൺ ഹാൾ, തിരുമുല്ലവാരം വിഷ്ണത്ത്കാവ്, കടവൂർ, കിളികൊല്ലൂർ എന്നിവിടങ്ങളിലാണ് നിലവിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഇന്നലെ അഞ്ച് ജനകീയ ഹോട്ടലുകളിലായി 757 ഊണാണ് വിറ്രുപോയത്. ഇതിൽ 541 എണ്ണം നേരിട്ട് വന്ന് വാങ്ങിയതാണ്. 216 എണ്ണം വീടുകളിൽ എത്തിച്ചു നൽകി.
സബ്സിഡി തുടരും
ഒരു ഊണിന് പത്ത് രൂപ നിരക്കിൽ ജനകീയ ഹോട്ടലുകൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നൽകുന്ന സബ്സിഡി തുടരും. ഇപ്പോഴത്തേത് പോലെ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് തന്നെയാകും ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല. സർക്കാർ നിർദ്ദേശ പ്രകാരം അടുത്ത ഓണക്കാലത്ത് ജനകീയ ഹോട്ടലുകൾ ആരംഭിക്കാനുള്ള ആലോചനയിലായിരുന്നു കുടുംബശ്രീ.
ജില്ലയിൽ 100 ജനകീയ ഹോട്ടലുകൾ
ജില്ലയിൽ 100 ജനകീയ ഹോട്ടലുകൾ ആരംഭിക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ ലക്ഷ്യം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ 34 എണ്ണം ആരംഭിച്ചിട്ടുണ്ട്.
ശക്തികുളങ്ങരയിൽ ഇന്ന് ബീഫ് കറി
ഈസ്റ്റർ പ്രമാണിച്ച് ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ ഇന്ന് ഊണിനൊപ്പം ബീഫ് കറിയുമുണ്ടാകും. സ്പോൺസർമാർ വഴിയാണ് അധികമായി നൽകുന്ന വിഭവങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്.