പ്രതിസന്ധി മാറിയില്ലെങ്കിൽ പതിനായിരങ്ങളെ ബാധിക്കും
കൊല്ലം: കൊവിഡ് ലോകമാകെ വ്യാപിക്കുമ്പോൾ പ്രാർത്ഥനകളോടെ നല്ല വാർത്തകൾക്കായി കാത്തിരിക്കുകയാണ് പ്രവാസികളുടെ കുടുംബങ്ങൾ. യു.എ.ഇ, മറ്റ് ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, ആസ്ട്രേലിയ, അമേരിക്ക തുടങ്ങി ലോകമെങ്ങും പണിയെടുക്കുന്ന പതിനായിരങ്ങൾ ജില്ലയിലുണ്ട്. കൊവിഡ് ആശങ്കകൾ തുടങ്ങിയ ഘട്ടത്തിൽ നാട്ടിലെത്താൻ അവസരം ലഭിച്ച പലരും തിരികെയെത്തിയിരുന്നു.
മറ്റുള്ളവരുടെ കുടുംബം പങ്കുവയ്ക്കാൻ കഴിയാത്ത ആശങ്കകളും പ്രാർത്ഥനകളുമായാണ് ലോക്ക് ഡൗൺ ദിനങ്ങൾ തള്ളിനീക്കുന്നത്. ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന യു.എ.ഇയിൽ ലോക്ക് ഡൗൺ പ്രാബല്യത്തിലാണെങ്കിലും നിർമ്മാണ മേഖല, ബാങ്ക്, ആശുപത്രികൾ എന്നിവ സജീവമാണ്. അതിനാൽ പ്രതിസന്ധികൾക്കിടയിലും ഭൂരിപക്ഷം മലയാളികൾക്കും തൊഴിൽ ദിനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ മുന്നറിയിപ്പ് ഇല്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ശമ്പളമില്ലാതെ താമസ കേന്ദ്രങ്ങളിൽ പാർപ്പിക്കാനും പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കമ്പനികൾക്ക് സർക്കാർ അനുമതി നൽകി.
കൊവിഡ് വ്യാപന ഭീതി മാറുമ്പോൾ സാമ്പത്തിക നില ഭദ്രമല്ലെങ്കിൽ ചില കമ്പനികളെങ്കിലും പ്രവർത്തനം അവസാനിപ്പിക്കുകയോ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തേക്കാം. അങ്ങനെ വന്നാൽ വിദൂരഭാവിയിൽ തൊഴിൽ നഷ്ടം നേരിടാൻ സാദ്ധ്യതയുള്ളവർ ഏറെയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചെങ്കിലും നാട്ടിലേക്ക് പണമയ്ക്കുന്ന എക്സ്ചേഞ്ച് സെന്ററുകളിലെത്താൻ സാധിക്കാത്തവർ നിരവധിയാണ്. പുറത്തിറങ്ങിയാൽ കനത്ത പിഴയ്ക്കൊപ്പം ശിക്ഷയും അനുഭവിക്കേണ്ടി വരും. കുടുംബത്തോടെ യു.എ.ഇയിൽ താമസിക്കുന്ന പലർക്കും ഗതാഗത സൗകര്യങ്ങളുടെ കുറവ് മൂലം കുടുംബത്തെ നഗര കേന്ദ്രത്തിലെ താമസ സ്ഥലങ്ങളിലാക്കി നിർമ്മാണ മേഖലയ്‌ക്ക് സമീപം കമ്പനി ഒരുക്കിയ മുറികളിലേക്ക് മാറേണ്ടിവന്നു. വാട്സ് ആപ്പും ഫേസ്ബുക്കും അടങ്ങുന്ന നവമാദ്ധ്യമങ്ങൾ സജീവമായതിനാൽ വിവരങ്ങൾ തത്സമയം അറിയാനാകുമെങ്കിലും കടലിനപ്പുറം പ്രതിസന്ധിയുടെ ദിനങ്ങൾ താണ്ടുന്ന പ്രിയപ്പെട്ടവരെ കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നവരാണ് നമ്മുടെ നാട്ടിലെ പ്രവാസി കുടുംബങ്ങൾ.
ആശങ്ക അകലാതെ ഗൾഫ് മേഖല
കേരളത്തിലെയും ഇന്ത്യയിലെയും സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഗൾഫ് മേഖലയിൽ ആശങ്കയുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ദിവസം തോറും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നു. മലയാളികളുടെ പല താമസ കേന്ദ്രങ്ങളിലും ഒരു മുറിയിൽ 15 ആളുകൾ വരെ തങ്ങുന്നുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കാൻ ഇവർക്കാകില്ല.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറിയാലുടൻ ഏത് തരത്തിലും നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്ന് തീരുമാനിച്ച മലയാളികൾ ധാരാളമാണ്. ഇവരിൽ പലരോടും ആദ്യ അവസരത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ കുടുംബം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. നാട്ടിലെ ലോൺ, സ്വകാര്യ വായ്പ തുടങ്ങി പല വിധ കാരണങ്ങളാൽ ലക്ഷങ്ങൾ കടം വാങ്ങി വിസ തരപ്പെടുത്തി പോയവരാണ് പ്രവാസികളിൽ ഏറെയും.