കൊട്ടാരക്കര: ലോക്ക് ഡൗണിൽ ദുരിതത്തിലായ വൃദ്ധ സഹോദരങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകളെത്തിച്ച് കൊട്ടാരക്കര വാർത്തകൾ വാട്ട്സ് ആപ്പ് കൂട്ടായ്മ.
നെടുവത്തൂർ കിള്ളുർ ആര്യാ ഭവനിൽ സഹദേവൻ (73), ഹരിദാസൻ (69), ശിശുപാലൻ (60) എന്നിവർക്കാണ് കൂട്ടായ്മ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകിയത്. ലോക്ക് ഡൗണായതിനാൽ വീടിന് പുറത്തിറങ്ങാനാകാതെ ഭക്ഷണവും മരുന്നുമില്ലാതെ അവശരായി വീട്ടിൽ കുടുങ്ങുകയായിരുന്നു. അവിവാഹിതരായ സഹോദരങ്ങൾ. മൂവരും ഒരു വീട്ടിലാണ് താമസം. ജനമൈത്രി പൊലീസാണ് ഇവരുടെ ദുരിതം കൂട്ടായ്മയെ അറിയിച്ചത്. തുടർന്ന് ഗ്രൂപ്പ് അഡ്മിൻ ഷിജു പടിഞ്ഞാറ്റിൻകരയുടെ നേതൃത്വത്തിൽ മരുന്നും ഭക്ഷണവും വീട്ടിലെത്തിക്കുകയായിരുന്നു. ജനമൈത്രീ ബീറ്റ് ഓഫീസർമാരായ സബ് ഇൻസ്‌പെക്ടർ വാസുദേവൻ പിള്ള, വനിതാ എസ്.സി.പി.ഒ എൽ. ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിത്ര വത്സല, വാർഡ് മെമ്പർ ഉദയകുമാർ, സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.