jayalal-m-la
ചാത്തന്നൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന വിപണനമേള ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ വിളവെടുപ്പ് പൂർത്തിയായ പൈനാപ്പിൾ വിറ്റഴിക്കാനാകാതെ വലഞ്ഞ അലയമൺ സ്വദേശികളായ കർഷകർക്ക് താങ്ങായി ചാത്തന്നൂർ കൃഷി ഭവൻ. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപണനമേള ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചാത്തന്നൂർ മേഖലയിലെ കർഷകരും കൃഷിഭവനിലെയും ഇതര സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലെ മുൻ‌കൂർ ബുക്കിംഗിലൂടെയാണ് ഒന്നേകാൽ ടണ്ണോളം പൈനാപ്പിൾ വിറ്റഴിച്ചത്. ബുക്ക്‌ ചെയ്തവരെ ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് പ്രത്യേക സമയക്രമം നൽകിയാണ് വിൽപ്പന നടത്തിയത്.

ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ സ്ഥിരമായി പൈനാപ്പിൾ കയറ്റി അയച്ചിരുന്ന അലയമൺ സ്വദേശികളായ ജോസഫ്, ജോൺകുട്ടി, ജോൺസൺ എന്നിവർക്കാണ് ചാത്തന്നൂർ കൃഷി ഭവന്റെ സമയോചിത ഇടപെടലിലൂടെ വലിയൊരു പ്രതിസന്ധി ഒഴിവായത്. സാമൂഹ്യമാദ്ധ്യമത്തിലൂടെ പ്രതിസന്ധികൾ നേരിടുന്ന മറ്റ് കാർഷിക ഉത്പന്നങ്ങളുടെ വിപണനവും ചാത്തന്നൂർ കൃഷി ഓഫീസർ എസ്. പ്രമോദിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

 മത്സ്യവിപണനവും

വിഷരഹിത മത്സ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചാത്തന്നൂർ കൃഷി ഭവനിലെ അഗ്രോ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മൺറോത്തുരുത്തിലെ ജൈവ കാർഷിക ഫാമിൽ വളർത്തിയ അമേരിക്കൻ ബ്രീഡ് വനാമി ചെമ്മീന്റെ വിപണനവും നടന്നു. വിഷം കലർന്ന മത്സ്യങ്ങൾ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ സുരക്ഷിത മത്സ്യം ലഭ്യമാക്കുകയാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിലെന്ന് ചാത്തന്നൂർ കാർഷിക ബ്ലോക്ക്‌ അസിസ്റ്റന്റ് ഡയറക്ടർ ഷിബു കുമാർ പറഞ്ഞു.

ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മലാ വർഗീസ്, ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തംഗം ഡി. ഗിരികുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.