ഓച്ചിറ: പൊലീസും ആരോഗ്യ പ്രകർത്തകരും നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ദേശീയപാതയിൽ ഓച്ചിറ പ്രിമിയർ ജംഗ്ഷന് സമീപം ഇൻസുലേറ്റഡ് ലോറിയിൽ കൊണ്ടുവന്ന നൂറ് കിലോ പഴകിയ വറ്റ മത്സ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവർ ആലപ്പുഴ പായിപ്പാട് സ്വദേശി അൻഷാദിനെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെയും വാഹനത്തെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ പ്രീമിയർ ജംഗ്ഷനിൽ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ വന്ന അഴുകിയ മത്സ്യം കണ്ടെടുത്തത്. ഓച്ചിറ സ്റ്റേഷൻ ഓഫീസർ ആർ. പ്രകാശ്, എസ്.ഐ ശ്യാംകുമാർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ ഷീന, രാജേന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘമാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.