v
ഈസ്റ്ററിൽ കോഴിക്കടകളിൽ കച്ചവടം പൊടിപൊടിച്ചു

മത്സ്യം കിട്ടാതായതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറി

കരുനാഗപ്പള്ളി: ഈസ്റ്റർ പ്രമാണിച്ച് ഇന്നലെ കരുനാഗപ്പള്ളിയിലെ കോഴിക്കടകളിൽ ലോക്ക് ‌ഡൗണിലും കച്ചവടം പൊടിപൊടിച്ചു. മത്സ്യം കിട്ടാതായതോടെ കോഴിയിറച്ചിക്ക് പ്രിയം ഏറുകയായിരുന്നു. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി നഗരസഭാ പ്രദേശങ്ങളിലെയും മറ്റ് ഗ്രാമ പഞ്ചായത്തുകളിലെയും കോഴിക്കടകളിൽ റെക്കോർഡ് കച്ചവടമാണ് നടന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം കച്ചവടം നടക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഈസ്റ്ററിന്റെ പശ്ചാത്തലത്തിൽ എല്ലാ കോഴിക്കച്ചവടക്കാരും കൂടുതൽ കോഴികളെ സ്റ്റോക്ക് ചെയ്തിരുന്നു. നാടൻ കോഴികളും ധാരാളമായി വിറ്റഴിച്ചു. നാട്ടിലെ കോഴി കർഷകരുടെ മുഴുവൻ ബ്രോയിലർ കോഴികളും വിറ്റഴിച്ചു. കോഴികൾക്ക് മാന്യമായ വില ലഭിച്ചതായും കർഷകർ പറഞ്ഞു.

തഴവ ഗ്രാമ പഞ്ചായത്തിൽ കോഴിയിറച്ചി വില്പനയ്ക്ക് നിരോധനം

തഴവ ഗ്രാമ പഞ്ചായത്തിൽ കോഴിയിറച്ചി വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി. തഴവയിലെ ജലാശയങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വൻതോതിൽ കോഴി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോഴിക്കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിരോധനം ഏർപ്പെടുത്തിയത്. ഗ്രാമ പഞ്ചായത്തിന്റെ അനുവാദമില്ലാതെ കോഴിക്കടകൾ തുറന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി സി. ജയചന്ദ്രൻ മുന്നറിയിപ്പ് നൽകി. നിരോധനം ഉള്ളപ്പോൾ പോലും ഗ്രാമ പഞ്ചായത്തിലെ പല കോഴിക്കടകളും രഹസ്യമായി തുറന്ന് പ്രവർത്തിച്ചെന്ന് ആക്ഷേപമുണ്ട്.

ഫോൺ മാർഗം ബുക്കിംഗ്:

ആൾക്കൂട്ടം ഒഴിവാക്കി

ആവശ്യക്കാർ ശനിയാഴ്ച മുതൽ തന്നെ കോഴിയിറച്ചി ഫോൺ മാർഗം ബുക്ക് ചെയ്തിരുന്നു . കച്ചവടക്കാരുടെ വീടുകളിൽ വെച്ച് കോഴിയിറച്ചി പാക്ക് ചെയ്ത് കടകളിൽ എത്തിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അനുസരിച്ചുകൊണ്ടുതന്നെ ആവശ്യക്കാരെത്തി പാക്ക് ചെയ്ത കോഴിയിറച്ചി വാങ്ങുകയായിരുന്നു. കോഴിക്കടകളിൽ കൂട്ടത്തോടെ ആളുകൾ എത്താതിരിക്കാൻ കച്ചവടക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.