പത്തനാപുരം: വനാതിർത്തിയിൽ വായിൽ വ്രണവുമായി അവശനിലയിൽ കണ്ടെത്തിയ കാട്ടാന ഉൾവനത്തിൽ ചരിഞ്ഞു. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ആന ചരിഞ്ഞത്. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നല്കിയെങ്കിലും ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വായിലെ മുറിവ് കാരണം അവശനിലയിലായ ആറ് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ പത്തനാപുരം അമ്പനാർ ഫോറസ്റ്റ് ഡിവിഷന് കീഴിലെ കോട്ടക്കയത്ത് കാട്ടരുവിയുടെ സമീപത്തായാണ് നാട്ടുകാർ ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ കാട്ടാനയെ കണ്ടിരുന്നുവെങ്കിലും അവശത ബോദ്ധ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പ്രദേശവാസികൾ കാണുമ്പോൾ വായിലെ വ്രണം മൂലം തീറ്റയും വെള്ളവും എടുക്കാനാകാതെ മെലിഞ്ഞ അവശനിലയിലായിരുന്നു ആന.
ആനയെ കാട്ടിലേക്ക് ഓടിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വനപാലകരെത്തിയെങ്കിലും ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്റ്റേറ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഈശ്വരന്റെയും കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ശ്യാമിന്റെയും നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല
ഇതിനിടെ മുമ്പ് കണ്ട ഭാഗത്ത് നിന്ന് ആന രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് പോയിരുന്നു. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളെ പിടികൂടാനായി ഉപയോഗിക്കുന്ന പടക്കം കടിച്ചതാണോ മരകൊമ്പു കൊണ്ട് വ്രണമായതാണോ എന്ന് പരിശോധിക്കുകയാണ് വനം വകുപ്പ്. ഇന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻ ഡോ. ശ്യാം ആനയുടെ പോസ്റ്റുമോർട്ടം നടത്തും.