ചാത്തന്നൂർ: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ കലാകാരന്മാർക്ക് കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. നാടക് പാരിപ്പള്ളി മേഖലാ കമ്മിറ്റിയുടെ സഹകരണത്താൽ കണ്ടെത്തിയ നാടകം, ബാലെ, മിമിക്സ്, നാടൻപാട്ട്, കഥാപ്രസംഗം തുടങ്ങിയ മേഖലകളിൽ അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്നവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, പാരിപ്പള്ളി സി.ഐ ആർ. രാജേഷ് കുമാർ, കബീർ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, പ്രസിഡന്റ് സുധാകരക്കുറുപ്പ്, കോ ഓർഡിനേറ്റർ വേണു സി. കിഴക്കനേല എന്നിവർ നേതൃത്വം നൽകി.