കൊല്ലം: 'കർത്താവിന്റെ അനുഗ്രഹമാണ് ഈ കരങ്ങൾക്ക് ലഭിച്ചത് '... അച്ചടിയെ വെല്ലുന്ന കൈയക്ഷരത്തിൽ ബൈബിൾ പൂർത്തിയാക്കിയപ്പോൾ വൈദികർ മാത്യൂസ് എബ്രഹാമിനെ അഭിനന്ദിച്ച് പറഞ്ഞു. ഒറിജിനലിനെ വെല്ലുന്ന പെർഫെക്‌ഷൻ. ഒരു പേജോ കോളമോ അധികം വേണ്ടി വരാതെ ബൈബിൾ അതേപടി പകർത്തിയെഴുതുകയായിരുന്നു കൊട്ടാരക്കര തൃക്കണ്ണമംഗൽ കല്ലൂർ തോട്ടതിൽ മാത്യൂസ് എബ്രഹാം. ചിത്രങ്ങളും അതേപടി വരച്ചുചേർത്തു. ഇക്കണോമിക്‌സ് അദ്ധ്യാപകനായിരുന്ന മാത്യൂസിന്റെ ജീവിതത്തിലെ വലിയൊരു മോഹമാണ് ബൈബിൾ പകർത്തിയെഴുത്തിലൂടെ സാദ്ധ്യമായത്. സൂചിമുന പോലെ അഗ്രമുള്ള പേനയും വാട്ടർ പ്രൂഫ് മഷിയും ജർമ്മനിയിൽ നിന്ന് വരുത്തിയാണ് എഴുത്ത് തുടങ്ങിയത്. തെറ്റുകൾ കണ്ടെത്താൻ മാഗ്നിഫൈയിംഗ് ലെൻസും വാങ്ങി. എഴുത്ത് പൂർത്തിയാക്കാൻ നാല് വർഷമെടുത്തു. 266 പേജുള്ള പുതിയ നിയമവും 902 പേജുള്ള പഴയ നിയമവും ചിത്രങ്ങളും അതേപടി പകർത്തി. പുലർകാലമാണ് എഴുത്തിന് തിരഞ്ഞെടുത്തത്. കുളിച്ച് ശുദ്ധിവരുത്തി പ്രാർത്ഥിച്ച ശേഷം പേനയെടുക്കും. ആറ് പേനയും രണ്ട് കുപ്പി മഷിയും വേണ്ടിവന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലും പെരിങ്ങമല ഇക്ബാൽ കോളേജിലുമായി 28 വർഷം അദ്ധ്യാപകനായിരുന്ന മാത്യൂസ് എബ്രഹാം ഭാര്യ അന്നമ്മയുടെ ചികിത്സയ്ക്കായി 1994ൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. റോം, യു.എസ്.എ, കുവൈറ്റ്, ദുബൈ അടക്കം പത്തിലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള മാത്യൂസ് ബ്രദ്ററൺ സഭയുടെ ആത്മീയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. മക്കൾ: അനിത,അമൃത, അജിത്. ഡമ്മി ബൈബിൾ കൊറിയയിൽ നിന്ന് വെമ്പായത്തുള്ള സുഹൃത്ത് 2013ൽ ദക്ഷിണ കൊറിയയിൽ നിന്ന് ഡമ്മി ബൈബിളെത്തിച്ച് നൽകി. 21 സെന്റീ മീറ്റർ നീളവും 13 സെന്റീമീറ്റർ വീതിയുമുള്ള പ്ളെയിൻ ബുക്ക്. ബംഗളൂരു ബൈബിൾ സൊസൈറ്റി സമ്മാനിച്ച ബൈബിൾ അതിലേക്ക് പകർത്തുകയായിരുന്നു. പി.ഐഷാപോറ്റി എം.എൽ.എയുടെ ആവശ്യപ്രകാരം ഭഗവത് ഗീതയും ബൈബിളും പകർത്തിയെഴുതാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മാത്യൂസ് എബ്രഹാം. എഴുപത്താറിന്റെ അവശതകളുണ്ടെങ്കിലും അതും സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.